കുഴിച്ചെടുത്ത നിധിയുടെ പങ്കുപറ്റാനാകാതെ രാമചന്ദ്രൻ യാത്രയായി; കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടായിരുന്നു.

ഷോർണ്ണൂർ: പഞ്ചലോഹവിഗ്രഹംകൊണ്ടുള്ള കിണ്ടിയിലായിരുന്നു നിധി. മുളവടികൊണ്ട് നിലത്തടിച്ച് നടക്കുമ്പോൾ ശബ്ദവ്യത്യാസംകേട്ട് കുഴിച്ചപ്പോഴാണു നിധികിട്ടിയതെന്ന് രാമചന്ദ്രൻ പറഞ്ഞിരുന്നു. നിധിയിൽ അവകാശവാദമുന്നയിച്ച് മൂന്നുപേർകൂടി എത്തിയതോടെ തർക്കമായി. പോലീസും റവന്യൂ അധികൃതരുമെത്തി നിധികുംഭം പിടിച്ചെടുത്തു. കുഴിച്ചെടുത്ത നിധിയുടെ ഒരുപങ്കെങ്കിലും ലഭിക്കുമെന്നോർത്ത് ഒരു ജീവിതകാലം മുഴുവൻ കാത്തിരുന്ന രാമചന്ദ്രൻ ഇനിയില്ല. ത്രാങ്ങാലി തോപ്പിൽപടി രാമചന്ദ്രന്റെ നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം വീടിനകത്തുനിന്നു കണ്ടെത്തി. ഒറ്റമുറിവീട്ടിൽ തനിയെയായിരുന്നു താമസം.
1978 ജൂൺ അഞ്ചിനാണ് ചണ്ണംപറ്റ ശിവക്ഷേത്രമുറ്റത്തുനിന്ന് യുവാവായ രാമചന്ദ്രന് നിധി കിട്ടിയത്. പഞ്ചലോഹവിഗ്രഹംകൊണ്ടുള്ള കിണ്ടിയിലായിരുന്നു നിധി. മുളവടികൊണ്ട് നിലത്തടിച്ച് നടക്കുമ്പോൾ ശബ്ദവ്യത്യാസംകേട്ട് കുഴിച്ചപ്പോഴാണു നിധികിട്ടിയതെന്ന് രാമചന്ദ്രൻ പറഞ്ഞിരുന്നു. നിധിയിൽ അവകാശവാദമുന്നയിച്ച് മൂന്നുപേർകൂടി എത്തിയതോടെ തർക്കമായി. പോലീസും റവന്യൂ അധികൃതരുമെത്തി നിധികുംഭം പിടിച്ചെടുത്തു.
നിധി കിട്ടിയയാൾക്ക് നിയമപ്രകാരം ഒരുപങ്കിന് അവകാശമുണ്ടെന്ന് റവന്യൂ അധികൃതർ അറിയിച്ചിരുന്നു. ഇക്കാര്യത്തിലും തർക്കമായതോടെ കളക്ടർക്കുമുന്നിൽ പരാതിയെത്തി. നിധി കണ്ടെത്തിയത് കവളപ്പാറ കൊട്ടാരത്തിന്റെ നിയന്ത്രണത്തിലുള്ള ചണ്ണംപറ്റ ശിവക്ഷേത്രത്തിലായതിനാൽ കൊട്ടാരം റിസീവറും തർക്കത്തിൽ കക്ഷിയായി. ഇതോടെ, നിധി ഒറ്റപ്പാലം ട്രഷറിയിൽ സൂക്ഷിക്കാനായി ഉത്തരവ് വന്നു. പുരാവസ്തുവിഭാഗവും തൃശ്ശൂർ മ്യൂസിയത്തിലെ വിദഗ്ധരും പരിശോധിച്ച് പുതുപ്പണം എന്നറിയപ്പെടുന്ന 1,363 സ്വർണനാണയങ്ങളാണ് കിണ്ടിയിലുണ്ടായിരുന്നതെന്നു കണ്ടെത്തി. നിധി ലഭിച്ച രാമചന്ദ്രനെന്നായിരുന്നു നാട്ടിലറിഞ്ഞിരുന്നത്.
ഇതിൽനിന്നൊരു പങ്കായിരുന്നു 40 വർഷത്തോളമായി രാമചന്ദ്രൻ പ്രതീക്ഷിച്ചത്. നിധി ലഭിച്ചതിന്റെ അവകാശവാദം ഉന്നയിക്കുന്നവർക്ക് മതിയായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, ജീവിതവും കുടുംബവുമെല്ലാം നഷ്ടപ്പെട്ട് ദാരിദ്ര്യവും രോഗവുമായിരുന്നു മരണംവരെ രാമചന്ദ്രന്റെ കൂട്ട്.