ഇരവിപുരം പൊലീസ് സ്റ്റേഷനുമുന്നില്‍ പതിയിരുന്ന് പോലീസ്, വാഹന പരിശോധന

കൊല്ലം : ഇരവിപുരം തിരുമുക്ക്- വാളത്തുംഗല്‍ റോഡില്‍ ഇരവിപുരം പൊലീസിന്റെ വാഹന പരിശോധന അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന് നാട്ടുകാര്‍.

പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. സ്റ്റേഷന്റെ ഗേറ്റിനകത്തുനിന്ന് വാഹനങ്ങളെ നിരീക്ഷിച്ച ശേഷം പൊടുന്നനെ റോഡിലേക്കിറങ്ങി തടയാൻ ശ്രമിക്കുമ്പോഴാണ്  അപകടങ്ങള്‍ക്ക് വഴിയൊരുങ്ങുന്നത്.

വീതി കുറഞ്ഞ റോഡിനോടു ചേര്‍ന്ന്, പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാൻ കഴിയുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പോലീസുകാര്‍ രാവിലെയും വൈകിട്ടും രാത്രി ഏഴിനും പോലീസിന്റെ പരിശോധന. സ്റ്റേഷന്റെ രണ്ട് വശങ്ങളിലായി നില്‍ക്കുന്ന പൊലീസുകാര്‍ വാഹനങ്ങള്‍ വരുന്നതോടെ പെട്ടെന്ന് മുന്നിലേക്കെത്തുമ്പോൾ ഓടിക്കുന്നവര്‍ പരിഭ്രമിച്ച്‌ ബ്രേക്കിടും. ഇരുചക്ര വാഹനങ്ങളാണെങ്കില്‍ തെന്നി മറിയുകയോ നിയന്ത്രണം വിട്ട് എവിടെയെങ്കിലും ഇടിക്കുകയോ ചെയ്യും. കഴിഞ്ഞ മാസം ഇതേപോലെ പൊലീസുകാര്‍ ഇരുചക്ര വാഹനത്തിന് മുന്നിലേക്ക് ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് പെട്ടെന്ന് ബ്രേക്കിടുകയും പിന്നാലെ വന്ന മറ്റ് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു. നിരവധി യാത്രക്കാര്‍ക്ക് അന്ന് പരിക്കേറ്റു.

ഹെല്‍മറ്റ് ധരിച്ച്‌ എത്തുന്നവരെയും ‘പതിയിരുന്ന്’ തടയുന്ന പതിവുണ്ട്. മതിയായ വെളിച്ചമില്ലാത്ത രാത്രി ഏഴിനും ഇതേ വിധത്തിലുള്ള പരിശോധന ഇരവിപുരം  പോലീസിന് ഹരമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.