മോൻസൻ മാവുങ്കലിന്റെ കേസില്‍ കെ.സുധാകരന് ഹൈക്കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം
കൊച്ചി : മോൻസൻ മാവുങ്കലിന്റെ തട്ടിപ്പ്കേസില്‍ പ്രതി ചേര്‍ത്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ഹൈക്കോടതിയില്‍ നിന്നും താല്‍ക്കാലിക ആശ്വാസം.
അദ്ദേഹത്തിന്റെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് ഹര്‍ജി 21 പരിഗണിക്കാൻ മാറ്റി. അതുവരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി അറിയിച്ചു. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. സാഹചര്യത്തിനനുസരിച്ചേ അത് പറയാനാകൂ എന്ന് സംസ്ഥാന സര്‍ക്കാരിന്റെ മറുപടി. ഇതോടെ കേസ് 21ലേക്ക് പരിഗണിക്കാൻ മാറ്റുകയും അതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിക്കുകയുമായിരുന്നു. പത്ത് ലക്ഷത്തോളം രൂപ മോൻസൻ മാവുങ്കലിന്റെ സാന്നിദ്ധ്യത്തില്‍ കെ. സുധാകരൻ കൈപ്പറ്റി എന്നുകാണിച്ചാണ് കേസ്.
അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് കെ സുധാകരൻ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയില്‍ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെയും വാഞ്ചിച്ചിട്ടില്ലെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനും സമൂഹ മാദ്ധ്യമത്തില്‍ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അഡ്വ. മാത്യു കുഴല്നാടൻ മുഖേനയാണ് മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും 23ന് മാത്രമേ ഹാജരാകാൻ കഴിയുള്ളുവെന്ന് സുധാകരൻ അറിയിച്ചു. പിന്നാലെ ക്രൈംബ്രാഞ്ച് പുതിയ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേസിന്റെ തുടര്‍നടപടികള്‍ ആലോചിക്കാൻ ക്രൈംബ്രാഞ്ച് ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു.
യാക്കൂബ് പുരയിലും മറ്റ് അഞ്ചുപേരും നല്കിയ 10 കോടിയുടെ തട്ടിപ്പ് കേസിലാണ് സുധാകരനെ പ്രതി ചേര്‍ത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ 25 ലക്ഷം രൂപ നല്‍കിയെന്നും ഇതില്‍ 10 ലക്ഷം സുധാകരന് കൈമാറുന്നത് കണ്ടെന്നും മോൻസണിന്റെ മുൻ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നല്‍കിയിട്ടുണ്ട്. ആരോപണം സുധാകരൻ നിഷേധിച്ചിട്ടുണ്ടെങ്കിലും മൊഴികള്‍ ശക്തമാണെന്നും പണം കൈമാറിയ ദിവസം സുധാകരൻ മോൻസണിന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നതിന് ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്