തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ അഞ്ചാംതവണയും അക്രമം; ഫര്‍ണീച്ചറുകള്‍ തകര്‍ത്തു

 

തളിപ്പറമ്പ്: തൃച്ചംബരത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാലകുളങ്ങര ബൂത്ത് ഓഫീസ് വെള്ളിയാഴ്ച രാത്രി തകര്‍ത്തു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഫര്‍ണിച്ചര്‍ നശിപ്പിച്ചു. ചുമര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇത് അഞ്ചാംതവണയാണ് ഓഫീസ് കെട്ടിടത്തിനുനേരേ അക്രമം നടക്കുന്നത്. ഇടുക്കിയില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ വീടിനടുത്താണ് ഈ കെട്ടിടം. ‘ധീരജിന്റെ കൊലയാളികളുടെ ഓഫീസ്’ എന്ന് ചുമരില്‍ എഴുതിയിട്ടുണ്ട്. തുടര്‍ച്ചയായുള്ള അക്രമസംഭവങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഇതിനു മുന്‍പ് കെട്ടിടത്തിനുനേരേ അക്രമമുണ്ടയപ്പോഴെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി വൃത്തിയാക്കിയിരുന്നു.
അക്രമത്തിനുപിന്നില്‍ സി.പി.എം. ആണെന്നും പോലീസ് നടപടികളുണ്ടാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അഡ്വ. ടി.ആര്‍. മോഹന്‍ദാസ്, കെ. രമേശന്‍, എം.എന്‍. പൂമംഗലം, സി.വി. സോമനാഥന്‍, പി. ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി