തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. അലോട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന് ലെറ്റർ പ്രിന്റെടുത്തും നൽകും. ആദ്യ അലോട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയുടെ വേളയിൽ അടയ്ക്കാവുന്നതാണ്. മറ്റ് ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സ്പോർട്സ് ക്വാട്ട അലോട്മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. 20, 21 തീയതികളിലായിരിക്കും പ്രവേശനം.
ഏറ്റവുമധികം മെറിറ്റു സീറ്റുകളുമായി മുഖ്യഘട്ടത്തിലെ അലോട്മെന്റ് തുടങ്ങുന്നത് ഈ വർഷമാണ്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്കൂളുകളിലെ 10 ശതമാനം കമ്യൂണിറ്റി മെറിറ്റു സീറ്റുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം പൊതുമെറിറ്റിലേക്കു മാറ്റിയിട്ടുണ്ട്. അതിലൂടെ മെറിറ്റിൽ അയ്യായിരത്തോളം സീറ്റ് അധികമായിട്ടുണ്ട്. അതും സപ്ലിമെന്ററി അലോട്മെന്റ് ഘട്ടത്തിൽ വരുത്താറുള്ള സീറ്റുവർധന ആദ്യംതന്നെ നടത്തിയതിനാലുമാണു മെറിറ്റ് സീറ്റുകളിൽ വർധനയുണ്ടായത്.