കുന്നംകുളത്ത് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു
തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ വിജീഷാണ് (27) മരിച്ചത്. കുന്നംകുളം ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിലാണ് അപകടമുണ്ടായത്. വിജീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചയാണ് അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന വിജീഷിനെ കാണുന്നത്. അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മതിലിനുള്ളിലാണ് പരിക്കേറ്റ യുവാവ് വീണു കിടന്നിരുന്നത്. അതുകൊണ്ട് രാത്രി റോഡിലൂടെ പോയിരുന്നവര്‍ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടിരുന്നില്ല. പിന്നീട് പുലര്‍ച്ച മതില്‍ തകര്‍ന്ന ഭാഗത്തെ പരിശോധനയിലാണ് നാട്ടുകാര്‍ ആദ്യം ബൈക്കും സമീപത്ത് യുവാവിനെ മരിച്ച നിലയിലും കണ്ടെത്തിയത്. മൃതദ്ദേഹം ആംബുലന്‍സില്‍ കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മോര്‍ച്ചറിയില്‍ യുവാവിന്റെ ദേഹപരിശോധനയില്‍ യുവാവിന്‍റെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്. പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 0.3 ഗ്രാം നിരോധിത സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയാണ് കണ്ടെത്തിയത്. യുവാവിന്റെ പോക്കറ്റില്‍ നിന്നും കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗിയോടപ്പം കൂട്ടിനിരിക്കുന്ന പാസ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞത്. യുവാവിന്റെ അമ്മ അബുജം കാലിന്റെ മുറിവുണങ്ങാന്‍ കുന്നംകുളം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണുള്ളത്.