വയനാട്ടിൽ ഒരു നൂറ്റാണ്ടിലധികം കാലം ആദിവാസികൾ നടക്കാൻ ഉപയോഗിച്ചിരുന്ന വഴി സ്വകാര്യ വ്യക്തി കൊട്ടിയടച്ചതായി പരാതി. രണ്ട് ആദിവാസി കോളനികളിലെ 40 ഓളം കുടുംബങ്ങൾ അടക്കം നിരവധി പേർ ദിവസവും ആശ്രയിച്ചിരുന്ന നടവഴിയാണ് അടച്ചത്. അതേസമയം, തൻറെ വയൽ സംരക്ഷിക്കാനാണ് കമ്പിവേലി കെട്ടിയതെന്നും തനിക്കനുകൂലമായി കോടതി വിധിയുണ്ടെന്നുമാണ് സ്ഥലം ഉടമയുടെ വിശദീകരണം
പനമരം പഞ്ചായത്തിലെ കുണ്ടാല അട്ടച്ചിറയിലാണ് ഒരു നൂറ്റാണ്ടായി നടന്നിരുന്ന വഴി ഇല്ലാതായതോടെ പ്രദേശവാസികൾ ദുരിതത്തിലായിരിക്കുന്നത്. പ്രദേശത്തെ അട്ടച്ചിറ കോളനി, കോർലോട്ടു കോളനി തുടങ്ങിയ കോളനികളിലെ ആദിവാസികളും മറ്റു പ്രദേശവാസികളും പുറത്തു പോകാനും കൃഷിയിടത്തിലേക്കിറങ്ങാനും പതിറ്റാണ്ടുകളായി ആശ്രയിച്ചിരുന്നത് ഈ വഴിയാണ്
വേലി കെട്ടിയതിനു ശേഷം അനുരഞ്ജന ചർച്ചകൾ നടക്കുന്നതിനിടെ സ്ഥലം ഉടമ കോടതിയിൽ പോയി സ്റ്റേ നേടുകയായിരുന്നു എന്നും ഇവർ പറയുന്നു.
എന്നാൽ തന്റെ ഭൂമി സംരക്ഷിക്കാൻ ഇതല്ലാതെ വഴിയില്ലെന്നാണ് സ്ഥലമുടമയായ കുഴിവേലിൽ ജോസഫിന്റെ വിശദീകരണം
അതേസമയം 11 ഏക്കർ ഭൂമിയിലെ 100 മീറ്റർ നടവഴി മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും പ്രദേശത്ത് സിസിടിവി സ്ഥാപിച്ചാൽ മോഷണമെന്ന ആരോപണവും ഇല്ലാതാക്കാൻ ആകുമെന്നും വാർഡ് മെമ്പർ അടക്കമുള്ളവർ പറയുന്നു