മാലിന്യത്തില്‍ നിന്ന് കിട്ടിയ പത്തുപവന്റെ മാല ഉടമയെ തിരിച്ചേല്‍പ്പിച്ച്‌ ഹരിതസേന അംഗങ്ങള്‍ 

എറണാകുളം : വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച്‌ തരംതിരിക്കുന്ന ഹരിതകര്‍മ്മ സേനയിലെ അംഗങ്ങള്‍ മാലിന്യത്തില്‍ നിന്ന് കിട്ടിയ 10 പവന്റെ സ്വര്‍ണമാല ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച സംഭവത്തില്‍ അഭിനന്ദനങ്ങളുമായി മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവര്‍ത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചതെന്ന്  മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പത്ത് പവന്റെ സ്വര്‍ണമാലയാണ് മാലിന്യത്തില്‍ നിന്ന് ഇവര്‍ക്ക് കിട്ടിയത്. കണ്ണൊന്ന് മഞ്ഞളിക്കാതെ ഇവര്‍ പിന്നീട് പരിശ്രമിച്ചത് ആ സ്വര്‍ണം ഉടമസ്ഥന് തിരിച്ചുകൊടുക്കാനായാണ്. അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ ഉടമയെ കണ്ടെത്തി മാല കൈമാറിയ ഇവരുടെ പത്തരമാറ്റ് തിളക്കമുള്ള സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ടെന്ന് പറഞ്ഞ മന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പിനും സര്‍ക്കാരിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നുവെന്നും കുറിച്ചു.

പത്ത് പവന്റെ സ്വര്‍ണമാലയാണ് മാലിന്യത്തില്‍ നിന്ന് കിട്ടിയത്. വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകര്‍മ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ സ്വര്‍ണമാണെന്ന് മനസിലായി. ആ സ്വര്‍ണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്‌, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാര്‍ഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവര്‍ത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്.