ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥന് നേരെ മൂന്നംഗ സംഘത്തിന്റെ ക്രൂരമര്‍ദനം

അരൂര്‍: ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. എരമല്ലൂര്‍ ചമ്മനാട് മലയില്‍ വീട്ടില്‍ എം.ജി. രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. അശോക് വിഹാര്‍ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസില്‍ ജോലിചെയ്യുന്ന രാജേഷ് ആറ് കിലോമീറ്റര്‍ അകലെയുള്ള തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം.

അമിത വേഗത്തില്‍ മുന്നില്‍ പോയ കാര്‍ പൊടുന്നനെ ബ്രേക്ക്‌ ചെയ്തതോടെ രാജേഷിന്റെ കാര്‍ ഇതില്‍ തട്ടി. ഇതില്‍ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച്‌ രാജേഷിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ രാജേഷ് പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈൻ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. രാജേഷിന്റെ തലയ്‌ക്ക് എട്ട് തുന്നലുകള്‍ ഉണ്ട്. ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ മൂന്നുപേരെ ത്യാല പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മക്കളുമാണിവര്‍. ഇവര്‍ക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ തിഹാര്‍ ജയിലിലേക്ക് മാറ്റി.