വരുന്നു ഗുണ്ടകളുടെ സംസ്ഥാന സമ്മേളനം

ഗുണ്ട യൂണിയൻ ജില്ലാ നേതാക്കളും

വരുന്നു ഗുണ്ടകളുടെ സംസ്ഥാന സമ്മേളനം..മന്ത്രിമാരും പാർട്ടി നേതാക്കളും പങ്കെടുക്കുമോ എന്നറിയാൻ കാത്തിരിക്കാം..വാഴക്കുല വെട്ടിയ കേസിൽ മുതൽ ഒന്നാന്തരം കൊലപാതക കേസിൽ വരെ പ്രതികളായി കുപ്രസിദ്ധി നേടിയ കേരളത്തിലെ പ്രിയങ്കരരായ ഗുണ്ടകൾ ഏറെ വൈകാതെ അവരുടെ സംസ്ഥാന സമ്മേളനം നടത്തും. അതിനു മുൻപായി ഗുണ്ടകളുടെ സംസ്ഥാന യൂണിയൻ ഉണ്ടായാൽ അതിലും അത്ഭുതപ്പെടേണ്ടതില്ല…ഗുണ്ട യൂണിയൻ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനം ഏതായാലും കേരളത്തിൽ ഉടനെ ഉണ്ടാകാനാണ് സാധ്യത. ഇതിൻറെ മുന്നോടിയായി സീനിയർ ഗുണ്ടകളുടെ നേതൃത്വത്തിൽ പല ജില്ലകളിലും ഒത്തുചേരലുകൾ നടത്തി എന്നാണ് വാർത്തകളിലൂടെ അറിയുന്നത്. അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവങ്ങളുടെ പേരിലും ചില നേതാക്കളുടെ ജന്മദിന ആഘോഷങ്ങളുടെ പേരിലും അതുപോലെതന്നെ സീനിയർ ഗുണ്ടകളുടെ വിവാഹ വാർഷിക ആഘോഷങ്ങളുടെ പേരിലുമാണ് ഗുണ്ടാ ജില്ലാ സമ്മേളനങ്ങൾ നടന്നത് എന്നാണ് പറയപ്പെടുന്നത്.
വിദ്യാസമ്പന്നരുടെ നാടാണ് കേരളം എന്നൊക്കെ പറയുമെങ്കിലും ഇവിടെയും ഗുണ്ടകൾക്ക് വലിയ കുറവൊന്നുമില്ല. ലോ ക്ലാസ് ഗുണ്ടകളും ഹൈ ക്ലാസ് ഗുണ്ടകളും അവരവരുടെ പിടിപാടനുസരിച്ച് കേരളമൊട്ടാകെ സ്വന്തം ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട് . കഴിഞ്ഞദിവസം ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഒരു വീട്ടിൽ നിരവധി ഗുണ്ടകൾ ഒത്തുചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ആഘോഷം നടത്തുകയും ചെയ്തത് എങ്ങനെയോ പോലീസ് അറിയുകയും അവർ അവിടെ പാഞ്ഞെത്തി ഏതാണ്ട് പത്തോളം ഗുണ്ടകളെ പിടികൂടുകയും ചെയ്തു എന്ന വാർത്ത പുറത്തുവന്നിരുന്നു. പോലീസിൻറെ വരവ് കണ്ട് കൂട്ടായ്മയിൽ ഉണ്ടായിരുന്ന നാല് ഗുണ്ടകൾ ഓടി രക്ഷപ്പെടുകയും ചെയ്തു എന്നാണ് വാർത്ത ‘ എസ്ഡിപിഐ നേതാവായിരുന്ന ഷാൻ വധക്കേസിലെ പ്രതി മണ്ണഞ്ചേരി സ്വദേശിയായ അതുൽ ഇവിടെവച്ച് പോലീസിൻറെ പിടിയിലായി.. കരിയിലക്കുളങ്ങര പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത് നിതീഷ് എന്ന ഗുണ്ടയുടെ പിറന്നാൾ ആഘോഷത്തിന് എത്തിച്ചേർന്നവരായിരുന്നു ഈ ഗുണ്ടകൾ. ‘ മാട്ട കണ്ണൻ തക്കാളി ആഷിക്, ഡെയ്ഞ്ചർ അരുൺ, അമൽ, ഫറൂഖ് എന്നീ ഗുണ്ടകളാണ് പോലീസിനെ വെട്ടിച്ച് ഓടിക്കളഞ്ഞത്..പല കേസുകളിൽ പ്രതികളായി ശിക്ഷാ അനുഭവിക്കുന്നവരും ജാമ്യത്തിൽ ഇറങ്ങിവരുമായ ചില ഗുണ്ടകളെയാണ് സ്ഥലത്ത് വീട് വളഞ്ഞ പോലീസിന് പിടിക്കാൻ കഴിഞ്ഞത്.. നെടുവക്കാട് നിതീഷ് കുമാർ, പത്തിയൂർ വിനീഷ്, കൃഷ്ണപുരം അനന്തു, മുളകുവള്ളി അലൻ ബെന്നി, തൃക്കല്ലൂർ പ്രശാന്ത്, കീരിക്കാട് ഹദീസ്, പന്നിയൂർക്കാല വിഷ്ണു, ചേരാവള്ളി സൈഫുദ്ദീൻ, മുട്ടം രാജേഷ് കുമാർ, തുടങ്ങിയ ഗുണ്ടകളെയാണ് അവിടെവച്ച് പോലീസിന് പിടികൂടാൻ കഴിഞ്ഞത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശത്തെ തുടർന്നാണ് പോലീസ് നടപടി ഉണ്ടായതും ഈ ഗുണ്ടകളെ പിടികൂടിയതും.. ഗുണ്ടകൾ ഈ വിധത്തിൽ ഇവിടെ ഒത്തുചേർന്നത് എന്തിനെന്നും, എന്തായിരുന്നു ഇവരുടെ കൂടിയാലോചനകളെന്നും പോലീസ് അന്വേഷിച്ചു വരികയാണ്..ഇതുകൂടാതെയാണ് ചേർത്തലയിൽ ഒരു ക്ഷേത്രത്തിലെ ഉത്സവാഘോഷം നടന്ന ദിവസം അവിടെയും ഒരു സംഘം കുപ്രസിദ്ധരായ ഗുണ്ടകൾ സമ്മേളിച്ചത്.. ഈ സമ്മേളനം നടന്നത് ഡിവൈഎഫ്ഐ നേതാവായ ബ്ലോക്ക് കമ്മിറ്റി അംഗമൊരുക്കിയ ഒരു സൗഹൃദ വിരുന്നിലായിരുന്നു എന്നത് വാർത്തയായി പുറത്തുവന്നതോടുകൂടി അവിടുത്തെ സിപിഎം നേതൃത്വവും ഡിവൈഎഫ്ഐ നേതാക്കളും പ്രശ്നത്തിൽ ഇടപെടുകയും വിരുന്നു നടത്തിയ സഖാവിനെതിരെ നടപടിയെടുക്കുന്നതിന് ആലോചനകൾ നടന്നുവരികയുമാണ്. കഴിഞ്ഞ പതിനഞ്ചാം തീയതി വൈകിട്ടാണ് ചേർത്തല ടൗണിനോട് ചേർന്നുള്ള നെടുമ്പ്രക്കാട്ട് ഈ ഗുണ്ടാ സംഗമം നടന്നത്.. ഈ കൂട്ടായ്മയിൽ ചേർത്തല തെക്ക് കിളിയാച്ചൻ കൊലക്കേസിലെ പ്രതിയടക്കം പങ്കെടുത്തിരുന്നു എന്നു പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.. മാത്രവുമല്ല സംസ്ഥാനത്ത് പല പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതി ആയിട്ടുള്ള അയ്യപ്പൻ, സനൽ എന്നീ ഗുണ്ടകളും ഈ സംഗമത്തിൽ പങ്കെടുത്തതായി പോലീസ് പറയുന്നുണ്ട്..ഇതിന് സമാനമായ രീതിയിൽ കേരളത്തിലെ പല ജില്ലകളിലും കുപ്രസിദ്ധരായ ഗുണ്ടകൾ ഒരുമിച്ച് ചേരുന്നതായും സീനിയറായ ആൾക്കാർ അവർക്ക് ലഭിക്കാൻ സാധ്യതയുള്ള പുതിയ കൊട്ടേഷൻ വർക്കുകൾ അവിടെ ചർച്ച ചെയ്യുന്നതായിട്ടും പറഞ്ഞു കേൾക്കുന്നുണ്ട്.. വെറുതെ എവിടെയെങ്കിലും ഒരുമിച്ചു കൂടുകയും മദ്യം അടക്കമുള്ള സൽക്കാരങ്ങളിൽ പങ്കെടുത്ത് പിരിയുകയും ചെയ്യുക എന്നതല്ല… ജയിൽ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങുന്ന പ്രതികൾ ജയിലിൽ കൂടെയുള്ളവർ നൽകുന്ന ചില വിവരങ്ങളും കൂടി ഇത്തരം സമ്മേളനങ്ങളിൽ പങ്കുവയ്ക്കുകയും പുതിയ ഗുണ്ടാപ്പണികൾക്ക് സൗകര്യം ഒരുക്കുകയും ചെയ്യുന്നു എന്നതാണ് ഈ കൂട്ടായ്മയിൽ കാണുന്ന ഗൗരവകരമായ കാര്യം..ഈ രീതിയിലാണ് സ്ഥിതിഗതികൾ മുന്നോട്ടു പോകുന്നതെങ്കിൽ കേരളത്തിലെ ഗുണ്ടകൾ സംഘം ചേർന്നുകൊണ്ട് അവരുടെതായ തൊഴിലാളി യൂണിയൻ രൂപീകരിക്കുകയും അതിൻറെ സംസ്ഥാന സമ്മേളനം നടത്തുകയും ചെയ്താൽ അത്ഭുതപ്പെടേണ്ട കാര്യമില്ല… തങ്ങൾക്ക് സ്വന്തം തൊഴിൽ ചെയ്യാൻ അനുമതി നൽകണമെന്നും മിനിമം വേതനം നടപ്പിലാക്കണമെന്നും പോലീസ് മർദ്ദനം അവസാനിപ്പിക്കണമെന്നും 60 വയസു കഴിഞ്ഞ ഗുണ്ടകൾക്ക് പെൻഷൻ നൽകണമെന്നും തെരഞ്ഞെടുപ്പുകളിൽ 10% സീറ്റ് അനുവദിക്കണമെന്നും ഒക്കെ ആവശ്യപ്പെട്ടുകൊണ്ട് ഗുണ്ടകൾ സംഘം ചേർന്ന് തെരുവിലിറങ്ങി സമരം നടത്തുന്ന ഒരു കേരളത്തെ ഏറെ വൈകാതെ നമുക്ക് കാണേണ്ടിവരും എന്നതാണ് ഇപ്പോഴത്തെ സാഹചര്യം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്… മുൻപ് പലവട്ടം സൂചിപ്പിച്ചതു പോലെ കേരളത്തിലെ പോലീസിനകത്ത് ഒരു ചെറിയ ശതമാനമെങ്കിലും ക്രിമിനൽ സ്വഭാവമുള്ളവരുണ്ട്. ഇവർ ഗുണ്ടകളടക്കമുള്ള സ്ഥിരം കുറ്റവാളികളായി വരുന്നവരുടെ ഉറ്റമിത്രങ്ങൾ ആയി പ്രവർത്തിക്കുന്നുണ്ട് എന്നുകൂടി പറഞ്ഞാൽ തെറ്റില്ല. അതുകൊണ്ടുതന്നെ ഗുണ്ടകളുടെ പരസ്യമായ സംഘം ജയിലിലും ആധുനിക രീതിയിലുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുക എന്ന കാര്യത്തിന്റെ ചർച്ചകൾക്ക് വഴിയൊരുക്കുക എന്നതും നടക്കുവാൻ സാധ്യതയുണ്ട്…കേരളമൊട്ടാകെയായി സ്ഥിരം കുറ്റവാളികളും ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നവരും നൂറുകണക്കിനുണ്ട്. ഇതിൽ കൊലപാതകികളും കൊള്ള നടത്തുന്നവരും അക്രമികളും വാടക ഗുണ്ടകളും എല്ലാം ഉൾപ്പെടുന്നുണ്ട്. രണ്ടുമൂന്നു സ്ഥലങ്ങളിൽ വിവിധ സാഹചര്യത്തിന്റെ പേരിൽ ഇത്തരത്തിലുള്ള കുപ്രസിദ്ധ ഗുണ്ടകൾ പരസ്യമായി ഒത്തുചേർന്നു എന്നത് ആരെയും ഞെട്ടിപ്പിക്കുന്ന കാര്യമാണ് ‘ അതുകൊണ്ടുതന്നെ ഗുണ്ടാ സംഘങ്ങളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കത്തിൽ തന്നെ അവസാനവും ഉണ്ടാക്കണം…ഒറ്റയ്ക്ക് പോയി കൊല നടത്താൻ മടി കാണിക്കാത്ത ഗുണ്ടാ പ്രമാണിമാർ ഒരുമിച്ച് നിന്ന് അതിനുള്ള സാഹചര്യമുണ്ടായാൽ എന്തെല്ലാമാണ് ഈ നാട്ടിൽ ഭാവിയിൽ ഉണ്ടാവുക എന്നത് നാം ഊഹിക്കുന്നതിനുമപ്പുറം ആയിരിക്കും എന്നത് കൂടി പോലീസ് മേധാവികൾ തിരിച്ചറിയണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്