ശംഭോ മഹാദേവ..ദൈവമേ, അങ്ങയുടെ പേരിലും തട്ടിപ്പോ?

ആലുവ ശിവരാത്രിയുടെ മറവിൽ വൻ അഴിമതി..

ശംഭോ മഹാദേവ..ദൈവമേ, അങ്ങയുടെ പേരിലും തട്ടിപ്പോ? ആലുവ ശിവരാത്രിയുടെ മറവിൽ വൻ അഴിമതി..
,,,ഹൈക്കോടതി കയ്യോടെ പിടികൂടി..മാന്യമായി തട്ടിപ്പ് നടത്താൻ ഏറ്റവും എളുപ്പമുള്ള ഏർപ്പാട് ദൈവകാര്യമായി മാറിയിട്ടുണ്ട്… ദൈവത്തിൻറെ പേര് പറഞ്ഞു ഏതു വിശ്വാസിയെ വേണമെങ്കിലും വലയിൽ വീഴിക്കാം. അമ്പലങ്ങളുടെയും പള്ളികളുടെയും ഒക്കെ തണലിൽ നടക്കുന്നതെല്ലാം തട്ടിപ്പാണ് എന്ന വസ്തുതയാണ് ഓരോ സംഭവവും പുറത്തുകൊണ്ടുവരുന്നത്. ശബരിമലയിൽ സ്വാമി അയ്യപ്പൻറെ പേരിൽ സ്ഥിരം അഴിമതിയും കയ്യിട്ടുവാരലുമായപ്പോൾ ഹൈക്കോടതി അവിടുത്തെ നിയന്ത്രണം ഏറ്റെടുത്തു. ഏതാണ്ട് ഇതുപോലെയുള്ള അനുഭവങ്ങൾ ഗുരുവായൂർ അമ്പലത്തിലും ഉണ്ടായി: അമ്പലങ്ങളിൽ മാത്രമല്ല ക്രിസ്തീയ ദേവാലയങ്ങളിലും മുസ്ലിം ആരാധനാലയങ്ങളിലും വലിയ വ്യത്യാസമില്ലാതെ ഇതൊക്കെ തന്നെയാണ് നടന്നുവരുന്നത്. സഹികെടുമ്പോൾ ആരെങ്കിലും കേസുമായി ഇറങ്ങുമ്പോഴാണ് വസ്തുതകൾ പുറത്തുവരിക . എറണാകുളത്ത് സീറോ മലബാർ സഭയുടെ വസ്തു കച്ചവടത്തിലെ കോടികളുടെ അഴിമതി കേസ് ഇപ്പോഴും കോടതിയിലാണ്..മാർച്ച് മാസം എട്ടാം തീയതിയാണ് ഇക്കൊല്ലത്തെ ശിവരാത്രിആഘോഷം.. കേരളത്തിലെ ഏറ്റവും വലിയ ശിവരാത്രി ആഘോഷങ്ങൾ നടക്കുന്നത് ആലുവ മണപ്പുറത്താണ്. പതിനായിരക്കണക്കിന് വിശ്വാസികളാണ് അന്ന് മണപ്പുറത്തേക്ക് ഒഴുകി എത്തുക. പിതൃക്കൾക്ക് ബലി കർമ്മം അനുഷ്ഠിക്കുക എന്നതാണ് ആലുവ ശിവരാത്രി മണപ്പുറത്ത് നടക്കുന്ന പ്രധാന ചടങ്ങ്. നൂറുകണക്കിന് ബലിപുരകളാണ് ഇതിനായി മണപ്പുറത്ത് ഒരുക്കുന്നത്…ആലുവ ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് 10 ദിവസത്തിലധികം നീണ്ടുനിൽക്കുന്ന അഖിലേന്ത്യ പ്രദർശനം നടത്തുക പതിവുണ്ട്. ആലുവ മുനിസിപ്പൽ കോർപ്പറേഷൻ നേതൃത്വത്തിലാണ് ശിവരാത്രി ആഘോഷങ്ങൾ ആവിഷ്കരിക്കുന്നതും നടപ്പിലാക്കുന്നതും.. ഈ പരിപാടിയുടെ നടത്തിപ്പിൽ കോടിക്കണക്കിന് രൂപയുടെ വരവും ചെലവുമാണ് ആണ്ട് തോറും ഉണ്ടാകുന്നത്…ഇതിൽ കോർപ്പറേഷന്റെ ഭരണസമിതിക്കാരും ഉദ്യോഗസ്ഥന്മാരും ഇടപെടുകയും വലിയ അഴിമതി നടത്തുകയും ചെയ്യാറുണ്ട് എന്ന് നേരത്തെ തന്നെ പരാതികൾ ഉയർന്നിട്ടുള്ളതാണ്.. ഈ വർഷത്തെ ആലുവ ശിവരാത്രി മണപ്പുറത്ത് നടത്തുന്ന അഖിലേന്ത്യ പ്രദർശനത്തിന്റെ കരാർ നൽകിയതിൽ ഭീമമായ അഴിമതി പ്രഥമ ദൃഷ്ട്യ തെളിഞ്ഞതായി ഹൈക്കോടതി കണ്ടെത്തുകയും നിലവിൽ കോർപ്പറേഷൻ നൽകിയ കരാർ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്..ശിവരാത്രി മണപ്പുറത്തെ അഖിലേന്ത്യ പ്രദർശനത്തിനുള്ള ലേല തുകയായി ഈടാക്കുന്നത് ഭീമമായ തുകയാണ്. ഈ വർഷത്തെ അഖിലേന്ത്യാ പ്രദർശനത്തിന് രണ്ട് കമ്പനികളാണ് ടെൻഡർ സമർപ്പിച്ചത്. ഇതിലൊരാൾ കൊല്ലം സ്വദേശിയായ ആദിൽ ഷാ ആയിരുന്നു. കരാർ ലഭിക്കുന്നതിന് വേണ്ടി ഒരു കോടി 16 ലക്ഷം രൂപയ്ക്കാണ് ആദിൽ ഷാ ടെൻഡർ സമർപ്പിച്ചത്. എന്നാൽ ഇയാൾക്ക് കരാർ നൽകാതെ വളരെ വിദഗ്ധമായ തട്ടിപ്പ് നടത്തി മുനിസിപ്പൽ കോർപ്പറേഷൻ മറ്റൊരാൾക്ക് കരാർ ഉറപ്പിച്ചു നൽകി എന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്…ബാംഗ്ലൂർ ആസ്ഥാനമായ ഒരു കമ്പനിക്ക് അഖിലേന്ത്യാ പ്രദർശനം നടത്തുന്നതിനുള്ള കരാർ വെറും 77 ലക്ഷം രൂപയ്ക്ക് കൈമാറി ഉത്തരവ് നൽകിയതാണ് കോടതിയിൽ കേസെത്താൻ കാരണമായത്…ഒരു കോടി 16 ലക്ഷം രൂപ വാഗ്ദാനം ചെയ്ത ആദിൽ ഷായ്ക്ക് കരാർ കൊടുക്കാതിരുന്നതിന് മുനിസിപ്പൽ കോർപ്പറേഷൻ പറഞ്ഞ ന്യായം കൃത്യ സമയത്ത് കരാർ തുക അടച്ചില്ല എന്നതായിരുന്നു. എന്നാൽ കരാറിലേർപ്പെട്ട ആദിൽ ഷാ വാദിച്ചത് താൻ കൃത്യസമയത്ത് തന്നെ കരാർ തുകയുടെ ചെക്ക് മുനിസിപ്പാലിറ്റിക്ക് കൈമാറിയെങ്കിലും ചെക്ക് ബാങ്കിൽ നിക്ഷേപിച്ച് പണമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാതെ സമയപരിധി കഴിയും വരെ മുനിസിപ്പൽ അധികൃതർ ചെക്ക് കൈവശം സൂക്ഷിക്കുകയും സമയത്ത് പണം അടച്ചില്ല എന്ന തട്ടിപ്പ് ന്യായം പറയുകയുമാണ് ഉണ്ടായതെന്ന് ആദിൽ വാദിച്ചു. ഹൈക്കോടതിയുടെ പരിശോധനയിൽ ഇത് കൃത്യമാണ് എന്ന് തെളിയുകയും ചെയ്തു.. ഒരു കോടി 16 ലക്ഷം രൂപ ടെണ്ടറിൽ വാഗ്ദാനം ചെയ്ത ആളിന് കരാർ നൽകാതെ സ്വന്തം ഇടപാടുകാർക്ക് കരാർ നൽകുക വഴി 39 ലക്ഷം രൂപയുടെ നഷ്ടമാണ് ഉദ്യോഗസ്ഥരും ഭരണസമിതിക്കാരും ചേർന്ന് മുനിസിപ്പാലിറ്റിക്ക് വരുത്തിവെച്ചത് എന്ന് കോടതിക്ക് ബോധ്യമാവുകയും ചെയ്തു..ഇതേ തുടർന്ന് നിലവിൽ മുനിസിപ്പൽ കോർപ്പറേഷൻ ബാംഗ്ലൂർ കമ്പനിക്ക് നൽകിയ കരാർ റദ്ദ് ചെയ്യുകയും ഇത്തരത്തിൽ ഒരു നടപടിയെടുത്ത മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ കാര്യത്തിൽ അഴിമതിയുടെ സാധ്യത പൂർണമായും ഉണ്ടെന്നും ഇതിന്മേൽ വിശദമായ അന്വേഷണം നടത്തി ബന്ധപ്പെട്ടവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ജസ്റ്റിസ് പി.വി കുഞ്ഞുകൃഷ്ണനാണ് ഈ കേസ് വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്..വർഷങ്ങൾക്കു മുൻപ് ആലുവ മണപ്പുറത്തേക്ക് എത്തുന്ന ഭക്തർക്ക് ആലുവാപ്പുഴ കടന്നു മണപ്പുറത്തേക്ക് എത്തുവാനുള്ള പാലം നിർമ്മിച്ചതിന്റെ പേരിൽ വൻതുകയുടെ തട്ടിപ്പ് നടത്തിയതായി പരാതി ഉയരുകയും അതിന്മേൽ അന്വേഷണം ഉണ്ടാവുകയും ഒക്കെ ചെയ്തതാണ്.. ഉദ്യോഗസ്ഥർ മാത്രമല്ല മുനിസിപ്പൽ ഭരണസമിതി അംഗങ്ങളും വ്യാപകമായ അഴിമതിക്ക് കൂട്ടുനിൽക്കുന്നു എന്ന പരാതി നേരത്തെ മുതലേ ഉള്ളതാണ്. കേരളത്തിലെ ക്ഷേത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ വലിയ തോതിലുള്ള വിശ്വാസികളുടെ വരവും അതിനനുസൃതമായ രീതിയിൽ വരുമാനവും ഉണ്ടാകുന്ന ഒരു ക്ഷേത്രമാണ് ആലുവ മണപ്പുറത്തുള്ള ശിവക്ഷേത്രം.. ക്ഷേത്ര വരുമാനത്തിലും അതെങ്ങനെ ചെലവാക്കുന്നു എന്ന കാര്യത്തിലും യാതൊരു കൃത്യതയും പാലിക്കപ്പെടാറില്ല എന്നതും സ്ഥിരമായി കേൾക്കുന്ന പരാതികളാണ്.. ഏതായാലും ഈ വർഷത്തെ ശിവരാത്രി ആഘോഷത്തിന് മുന്നോടിയായി തന്നെ ഹൈക്കോടതിയിൽ കേസ് എത്തിയത് കുറച്ചൊക്കെ അഴിമതിയും തട്ടിപ്പും തടയാൻ വഴിയൊരുക്കും എന്നാണ് വിശ്വാസികൾ പറയുന്നത്.. ‘ അഖിലേന്ത്യപ്രദർശനത്തിന്റെ കരാർ സംബന്ധിച്ച് ഉണ്ടായിട്ടുള്ള കേസും അതിന് തയ്യാറായി മുന്നോട്ടുവന്ന ആദിൽ ഷാ എന്ന വ്യക്തിയോടും ആലുവ ശിവക്ഷേത്രത്തിലെ ഭക്തന്മാരായ ആൾക്കാർ വലിയ നന്ദി പറയുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഓരോ വർഷത്തിലും നടക്കുന്ന ശിവരാത്രി ആഘോഷങ്ങൾക്കിടയിൽ പല ഇനങ്ങളിലായി കോടിക്കണക്കിന് രൂപയുടെ അഴിമതിയും തട്ടിപ്പും ഇവിടെ അരങ്ങേറി കൊണ്ടിരിക്കുന്നു എന്നത് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോൾ ഹൈക്കോടതിയിൽ എത്തിയ കേസ് വഴി തെളിയപ്പെടുന്നത്..