ഭരണം വേണോ… ബിജെപിയെ കണ്ടു പഠിക്കൂ…കേരളത്തിലെ ബിജെപിയെയല്ല, ഇവിടെ ഭാരതീയ ജനതാ പാർട്ടിയല്ല ബാക്ക് വേർഡ് ജനത പാർട്ടിയാണ്..
ഭാരതീയ ജനതാ പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പത്തു വർഷത്തെ അധികാര കാലാവധി പൂർത്തിയാക്കുകയാണ്. ആഴ്ചകൾക്കുള്ളിൽ അടുത്ത ലോകസഭ തെരഞ്ഞെടുപ്പ് വരും. ഈ തെരഞ്ഞെടുപ്പിന് വമ്പിച്ച ഭൂരിപക്ഷം നേടി അധികാരത്തിൽ തുടരാനുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്തു കൊണ്ട് ബിജെപിയുടെ കേന്ദ്ര നേതാക്കൾ ഏതാണ്ട് ആറുമാസത്തോളം ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്… കേരളത്തിലെ ബിജെപി ഘടകം മാത്രമാണ് ഇതിന് ഒരു അപവാദമായി നിൽക്കുന്നത്. ബിജെപി ഭരണകൂടത്തെ താഴെ ഇറക്കുന്നതിന് ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ ഉണ്ടാക്കിയ ഇന്ത്യ മുന്നണി ജീവനില്ലാത്ത കുതിരയായി മാറിക്കഴിഞ്ഞു…പലതരത്തിലുള്ള തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും രാഷ്ട്രീയമായ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒരുമിച്ച് നീങ്ങും എന്നൊക്കെ പറഞ്ഞിരുന്ന ഇന്ത്യ മുന്നണിയിൽ ഒന്നും നടന്നിട്ടില്ല… രണ്ടുതവണ നേതാക്കന്മാർ യോഗം ചേർന്ന് ചായ കുടിച്ചു പിരിഞ്ഞതല്ലാതെ, ഈ യോഗങ്ങളിലെടുത്ത തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പിലാക്കാൻ ഇന്ത്യാ മുന്നണിക്ക് കഴിഞ്ഞിട്ടില്ല… മേഖല തിരിച്ച് രാജ്യത്ത് മൂന്ന് മഹാറാലികൾ നടത്തും എന്നാണ് പറഞ്ഞതെങ്കിലും അതും നടന്നില്ല. ഇപ്പോൾ സഖ്യം ഉണ്ടാക്കും എന്ന് പറഞ്ഞ വലിയ സംസ്ഥാനങ്ങളിൽ പോലും ഓരോ പാർട്ടികളും സ്വന്തം സീറ്റ് കയ്യടക്കുന്ന സാഹചര്യത്തിലേക്ക് മാറിയിരിക്കുകയാണ്..ഇതേവരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള എല്ലാ സർവ്വേകളിലും ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിൽ വരും എന്നാണ് പറഞ്ഞിരുന്നത്. ബിജെപി ഒറ്റയ്ക്ക് 370 സീറ്റുകളും അവരുടെ മുന്നണിയടക്കം 420 സീറ്റുകളും നേടും എന്നാണ് പ്രവചനക്കാർ പറഞ്ഞത്… അധികാരത്തിൽ തിരികെയെത്തും എന്ന കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു ബിജെപി നേതാക്കളും ഒരു ആശങ്കയും ഇതേവരെ പ്രകടിപ്പിച്ചിട്ടില്ല… ഭൂരിപക്ഷം ഉറപ്പാണ് എന്ന് പൊതുവേ പറയുമ്പോഴും ബിജെപിയുടെ കേന്ദ്ര നേതാക്കളും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പിനെ നേരിടാനും വലിയ ഭൂരിപക്ഷത്തിലേക്ക് എത്തിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നത് ഇന്ത്യ കണ്ട രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട ഒരു അധ്യായമാണ്.. ‘ അധികാരം ഉറപ്പാണെന്ന് വിശ്വസിക്കുമ്പോഴും കേന്ദ്രസർക്കാരിനും പാർട്ടിക്കും അനുകൂലമായി ജനകീയ വിശ്വാസം മാറ്റിയെടുക്കുന്നതിനു വേണ്ടി ഈ കഴിഞ്ഞ ആറുമാസത്തിനിടയിൽ തന്ത്രപരമായ എല്ലാ നീക്കങ്ങളും നടത്തി എന്നതാണ് ബിജെപി നേതൃത്വത്തെ കണ്ടുപഠിക്കണം എന്ന് പറയുവാനുള്ള കാരണം….ഈ കടന്നുപോയ ഒരു മാസത്തിനിടയിൽ തന്നെ കേന്ദ്രസർക്കാർ എന്തൊക്കെയാണ് ചെയ്തത്. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും ശ്രദ്ധ നേടി. തൊട്ടു പുറകെ കർപ്പൂരി ഠാക്കൂറിന് ഭാരതരത്നം പ്രഖ്യാപിച്ചുകൊണ്ട് ജനശ്രദ്ധ വീണ്ടും ആകർഷിച്ചു. ബീഹാറിലെ നിലവിലെ രാഷ്ട്രീയ കൂട്ടുകെട്ടിനെ തകർത്തെറിഞ്ഞ് നിതീഷ് കുമാറിനെ സ്വന്തം പാളയത്തിൽ കൊണ്ടുവന്നു.. ജാർഖണ്ഡ് മുഖ്യമന്ത്രി സോറൻ്റെ രാജിക്കുള്ള രഹസ്യ നീക്കങ്ങൾ നടത്തി.. അവിടെയും ഭരണമുന്നണിയെ പിളർത്താൻ ശ്രമം നടത്തി. സ്വന്തം നേതാവായ എല്‍ കെ അദ്വാനിക്ക് വീണ്ടും ഒരു ഭാരതരത്നം പ്രഖ്യാപിച്ചത് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ താല്പര്യമുണ്ടാക്കി… തങ്ങൾ അധികാരത്തിൽ വരുന്നതിന് മുൻപ് ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകളുടെയടക്കം സാമ്പത്തിക സ്ഥിതി വിലയിരുത്തി ധവളപത്രം പുറത്തിറക്കി… കോൺഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചുകൊണ്ട് മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന് കൂടി ഭാരതരത്നം പ്രഖ്യാപിച്ചു… മുൻ പ്രധാനമന്ത്രി ചരൺ സിംഗിന്റെ ചെറുമകൻ ജയന്ത് ചൗധരിയെ പ്രതിപക്ഷ നിരയിൽ നിന്നും ബിജെപി മുന്നണിയിലേക്ക് എത്തിച്ചു, മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ മുതിർന്ന നേതാവായ അശോക് ചവാനെ ബിജെപിയിൽ കൊണ്ടുവന്നു. ഏറ്റവും ഒടുവിൽ ദേശീയ പ്രതിപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു…. ഇതൊക്കെയാണ് യഥാർത്ഥത്തിൽ ഒരു തെരഞ്ഞെടുപ്പിന് മുൻപ് ആ തെരഞ്ഞെടുപ്പ് വിജയം തങ്ങളുടെ മാത്രമാക്കി മാറ്റണം എന്നാഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടിയും ആ പാർട്ടിയിൽ നയിക്കുന്ന സർക്കാരും ചെയ്യേണ്ടത് എന്ന് മറ്റു രാഷ്ട്രീയ പാർട്ടികളെ പഠിപ്പിക്കുകയാണ് ബിജെപി…ബിജെപി എന്ന നിലവിലെ രാജ്യഭരണം നടത്തുന്ന പാർട്ടി അതിനെ നയിക്കുന്ന നേതാക്കൾ ഒരു മനസ്സോടുകൂടി ഒരുമിച്ചു നിന്നു കൊണ്ട് പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നിയമപരമായും രാഷ്ട്രീയപരമായും തന്ത്രപരമായും ഉള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു… ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഇടതടവില്ലാത്ത ആക്രമണങ്ങളിൽ തളരുകയാണ് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി…ബിജെപിയുടെ മുൻപ്രസിഡന്റും ആഭ്യന്തരവകുപ്പ് മന്ത്രിയുമായ അമിത് ഷാ തുറന്നുപറയുന്ന ഒരു കാര്യമുണ്ട്… ഭൂരിപക്ഷം നേടി അധികാരത്തിൽ വരിക മാത്രമല്ല തങ്ങളുടെ ലക്ഷ്യം. രാജ്യത്ത് ചെയ്യപ്പെടുന്ന വോട്ടിന്റെ 51% എങ്കിലും നേടുവാൻ ബിജെപിക്ക് കഴിയണം… ഇത് ഒരു ചരിത്ര വിധിയാക്കി മാറ്റുവാനാണ് ശ്രമം. അപ്പോൾ ഒരു കാര്യം വ്യക്തമാണ്. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ആഗ്രഹിക്കുന്നത് വെറും ജയം മാത്രമല്ല.. പ്രതിപക്ഷത്തെ ഒന്നാകെ ഞെട്ടിപ്പിക്കുന്ന അത്ഭുതകരമായ വിജയമാണ് അവർ ലക്ഷ്യം വയ്ക്കുന്നത്… ഈ അത്യപൂർവ്വ വിജയമുണ്ടായാൽ ഇന്ത്യൻ ജനതയുടെ മുഴുവൻ വിശ്വാസവും ബിജെപി സ്വന്തമാക്കിയിരിക്കുന്നു എന്ന് പാർട്ടിക്ക് അവകാശപ്പെടാൻ കഴിയും. ‘കഴിഞ്ഞദിവസം നടന്ന ബിജെപിയുടെ ദേശീയ പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച രാമക്ഷേത്ര പ്രമേയം ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്.. ‘രാമരാജ്യം എന്ന അവസാന ലക്ഷ്യമാണ് പാർട്ടിയുടെ ലക്ഷ്യം..ഇവിടെ എടുത്തു പറയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം, രാജ്യത്തെ പ്രതിപക്ഷ പാർട്ടിയുടെ നേതാക്കൾ ഇന്നലെ വരെ പറഞ്ഞിരുന്ന സ്വതന്ത്ര ഭാരതത്തിൻറെ – ജനാധിപത്യ ഭാരതത്തിൻറെ – മതേതര ഭാരതത്തിൻറെ – വീണ്ടെടുക്കൽ ഒന്നുമല്ല പ്രതിപക്ഷ ലക്ഷ്യം. ബിജെപിയെ തുരത്തുക എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് സ്വന്തം താൽപര്യങ്ങളും പാർട്ടി സ്ഥാനമാനങ്ങളും ഉറപ്പിക്കുക എന്നതിനപ്പുറം പ്രതിപക്ഷ പാർട്ടികളിൽ മറ്റൊരു പ്രവർത്തനവും ഇതേവരെ ഉണ്ടായിട്ടില്ല… 26 രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് ഇന്ത്യ മുന്നണി പ്രഖ്യാപനം നടത്തിയെങ്കിൽ ഇപ്പോൾ അത് രണ്ട് പാർട്ടികൾ പോലുമുള്ള മുന്നണിയായി പ്രവർത്തിക്കുന്നില്ല എന്നതാണ് വാസ്തവം… ദേശീയതലത്തിൽ പ്രധാനമന്ത്രിയും ബിജെപിയുടെ കേന്ദ്ര നേതാക്കളും രാപകലെന്നോണം നടത്തിക്കൊണ്ടിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രവർത്തനങ്ങളും കേരളത്തിൻറെ കാര്യത്തിൽ മാത്രം ഒരു അപവാദമായി നിൽക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്… കേരളത്തിൽ ഇനിയും പച്ചപിടിക്കാൻ സാധ്യതയില്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയായി തന്നെ ബിജെപി തുടരും എന്ന കാര്യത്തിൽ തർക്കമില്ല..ഇതൊക്കെ ആണെങ്കിലും രാജ്യത്തെ രാഷ്ട്രീയപ്രവർത്തന ചരിത്രത്തിൽ ബിജെപി എന്ന പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തുറന്നു വയ്ക്കുന്ന പുതിയ ശൈലിയും പ്രവർത്തനവും ഇന്ത്യയിലെ എല്ലാ പാർട്ടികളും കണ്ടുപടിക്കേണ്ടതാണ്. ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും അധികാരത്തിൽ തുടരുമെന്നും എല്ലാത്തരത്തിലും ഉറപ്പുള്ള സാഹചര്യത്തിലും കൂടുതൽ മെച്ചപ്പെട്ട തെരഞ്ഞെടുപ്പ് വിജയത്തിനായി ലക്ഷ്യമിട്ടുകൊണ്ട് പാർട്ടിയുടെ താഴെ തട്ടു മുതൽ അഖിലേന്ത്യാ പ്രസിഡൻറ് വരെയുള്ള എല്ലാ പ്രവർത്തകരുടെയും ഊർജ്ജസ്വലതയും ചിട്ടയായ പ്രവർത്തനവും സസൂഷ്മം നിരീക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാകുന്നു എന്നത് പുതിയ രാഷ്ട്രീയപാഠം തന്നെ ആണ് എന്ന കാര്യത്തിൽ തർക്കമില്ല..
Prev Post