പാടുപെട്ട് പഠിച്ചത് തെരുവിൽ സമരം കിടക്കാൻ അല്ല
പാടുപെട്ട് പഠിച്ചത് തെരുവിൽ സമരം കിടക്കാൻ അല്ല
വീട്ടിലെ ഇല്ലായ്മകൾക്കിടയിൽ പോലും പാടുപെട്ട് പഠിച്ച ബിരുദവും അതിനപ്പുറവും ഒക്കെ പാസായി ഒരു ജോലിക്ക് വേണ്ടി പബ്ലിക് സർവീസ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചു അതിൻറെ ടെസ്റ്റും ഇൻറർവ്യൂവും കഴിഞ്ഞ റാങ്ക് ലിസ്റ്റിൽ പെട്ട യുവതി യുവാക്കളെ അവർക്ക് അർഹതപ്പെട്ട ജോലിയിൽ നിയമനം നടത്താതെ സമരം നടത്താൻ തെരുവിലേക്ക് ഇറക്കുന്നത് ഒരു ജനകീയ സർക്കാരിനും ചേർന്ന നടപടിയല്ല.തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് മുന്നിൽ നൂറുകണക്കിന് വരുന്ന കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ ദിവസങ്ങളായി സമരം തുടരുകയാണ് അനാവശ്യമായി ഒരു കാര്യവും അവർ ആവശ്യപ്പെടുന്നില്ല പി എസ് സി യുടെ കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ അർഹത നേടിയിട്ടും എന്തുകൊണ്ട് നിയമനം തരുന്നില്ല എന്നതാണ് ആ യുവതി യുവാക്കളുടെ ചോദ്യം ഈ ചോദ്യം കേൾക്കാൻ മനസ്സു കാണിക്കാതെ അവരെ തിരിഞ്ഞു നോക്കാൻ ശ്രമിക്കാതെ തെരുവിൽ കിടത്തി സന്തോഷം കൊള്ളുന്നത് ഭരണകൂടത്തിന്റെ അന്യായ നടപടിയാണ്
കേരള പോലീസിൽ ഏഴ് ബെറ്റാലിയനുകളിൽ ആയി 13975 പേർ ഉൾപ്പെട്ട പട്ടികയാണ് റാങ്ക് ഹോൾഡർമാരുടേതായി ഉള്ളത് ഇത്രയും പേരെ യോഗ്യരായി തീരുമാനിച്ച ശേഷവും നിയമനം നടത്തിയിട്ടില്ല എന്നതാണ് യുവാക്കളുടെ പരാതി റാങ്ക് ലിസ്റ്റിൽ നിന്നും 10235 പേരും ഇപ്പോഴും ജോലി കിട്ടാതെ പുറത്താണ് എന്ന് പറഞ്ഞാൽ കഷ്ടി മൂവായിരത്തോളം പേരെ മാത്രമാണ് ഇതേവരെ നിയമിച്ചത് എന്നാണ് കണക്ക് വെളിപ്പെടുത്തുന്നത്. നിയമനം കിട്ടാത്തത് മാത്രമല്ല സമര രംഗത്തുള്ള യുവതി യുവാക്കളുടെ പ്രതിസന്ധി. ഇത്രയധികം യുവതി യുവാക്കൾ പരീക്ഷയെഴുതി പാസായ റാങ്ക് ലിസ്റ്റിന് ഇനി കഷ്ടി ഒരു മാസം മാത്രം കൂടിയേ കാലാവധി ഉള്ളൂ അത് കഴിഞ്ഞാൽ ഈ പാടുപെട്ട മുഴുവൻ ചെറുപ്പക്കാരും ജോലി കിട്ടാത്ത സാഹചര്യത്തിലേക്ക് എത്തിച്ചേരും സാഹചര്യത്തിലേക്ക് എത്തിച്ചേരും .മറ്റു ഏതെങ്കിലും പുതിയതായി വരുന്ന ടെസ്റ്റുകൾ എഴുതി ജോലി കണ്ടെത്തുന്നതിന് ശ്രമിക്കുക എന്ന ഗതികേടിലേക്ക് ഈ ചെറുപ്പക്കാർ എത്തിച്ചേരും
സെക്രട്ടറിയേറ്റിനു മുന്നിൽ പലതരത്തിലുള്ള സമരങ്ങൾ ഈ ചെറുപ്പക്കാർ നടത്തിക്കഴിഞ്ഞു റാങ്ക് ഹോൾഡർ മാരായ ആൾക്കാർ മാത്രമല്ല അവരുടെ കുടുംബ അംഗങ്ങളും സുഹൃത്തുക്കളും ആയി നൂറുകണക്കിന് ആൾക്കാരാണ് സമരത്തിൽ പങ്കെടുത്തു വരുന്നത് യാതൊരു അനുകൂലമായ തീരുമാനവും ഉണ്ടാക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഈ സമരത്തിൽ പങ്കെടുത്ത നാല് ഉദ്യോഗാർത്ഥികൾ തലയിൽ പെട്രോൾ ഒഴിച്ച് തീ വെച്ച് ആത്മഹത്യ നടത്താൻ ശ്രമം നടത്തുകയുണ്ടായി സമീപത്ത് പോലീസ് ഉണ്ടായിരുന്നതുകൊണ്ട് അവർ വന്ന് രക്ഷപ്പെടുത്തിയതിനാൽ ആ ദുരന്തം ഒഴിവായി. ഈ തരത്തിലുള്ള പ്രതിഷേധം മാത്രമായിരുന്നില്ല പട്ടിണി സമരം നടത്തി പൊങ്കാല സമരം നടത്തി തെരുവിൽ ശയനപ്രദക്ഷിണം നടത്തി ഇത്രയുമൊക്കെ കഴിഞ്ഞിട്ടും ഒരു ചർച്ചയ്ക്ക് പോലും സർക്കാരിൻറെ ഭാഗത്തുനിന്നും നീക്കം ഉണ്ടാകാത്തത് ഖേദകരമാണ് എന്ന് പറയേണ്ടതാണ്
അനുബന്ധമായി മറ്റൊരു കാര്യം കൂടി ഇവിടെ പറയുകയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ജീവിക്കാൻ ഒരു തൊഴിൽ കിട്ടുക എന്ന ആവശ്യം ഉന്നയിച്ചത് ഗതികേടുകൊണ്ട് യുവതി യുവാക്കളും കുടുംബ അംഗങ്ങളും സമരം നടത്തുമ്പോൾ അതിൽ കയറിക്കൂടി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പ്രതിപക്ഷക്കാരും ശ്രമിക്കുന്നു എന്നത് പരിഹാസ്യമാണ്. സമരത്തിനിടയിൽ പ്രതിപക്ഷ നേതാവ് കടന്നുവന്നു ആർഎസ്പി നേതാവ് അവിടെയെത്തി തിരുവനന്തപുരം എംപി ആയ ശശി തരൂർ സമരവേദിയിൽ എത്തി എല്ലാരും സമരം നടത്തുന്നവരെ സന്തോഷിപ്പിക്കാൻ വീരവാദങ്ങൾ പറഞ്ഞു പിരിഞ്ഞു
പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർ സമരവേദിയിൽ എത്തുകയും അവർക്ക് മുന്നിൽ നിന്ന് സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ ഘോരഘോരമായി നടത്തുകയും ചെയ്തതോടുകൂടി സർക്കാർ പക്ഷത്തുള്ള മന്ത്രിമാർ അടക്കമുള്ളവർ സമരക്കാരെ ശത്രുപക്ഷത്ത് നിൽക്കുന്നവരായി കാണുന്ന സ്ഥിതി വന്നു. പ്രതിപക്ഷം തൊഴിൽ രഹിതരുടെ സമരവും കൂടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു എന്ന് സ്വാഭാവികമായും മന്ത്രിമാരും ഭരണ വിഭാഗവും കണ്ടുവെങ്കിൽ അതിൽ കുറ്റം പറയേണ്ട കാര്യമില്ല
കേരളത്തിൽ സമീപകാലത്തായി കാണുന്ന വികൃതമായ ഒരു രാഷ്ട്രീയ ശൈലി സമൂഹത്തിന് ഒന്നാകെ വലിയ ദോഷങ്ങൾ വരുത്തുന്ന സ്ഥിതി ഉണ്ടാക്കുന്നു എന്നത് തിരിച്ചറിയേണ്ട കാര്യം ആണ് .ഏതു സംഭവം നാട്ടിൽ ഉണ്ടായാലും ഉടൻ തന്നെ അതിൽ രാഷ്ട്രീയം കാണുകയും ഭരണപക്ഷം ന്യായീകരണം നിരത്താനും പ്രതിപക്ഷം സർക്കാർ വിരുദ്ധ പ്രസംഗം നടത്താനും ഓടിക്കൂടുന്ന സ്ഥിതിയാണ് ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ പല ജില്ലകളിലും ഉണ്ടായ കാട്ടുമൃഗങ്ങളുടെ ആക്രമണവും അതുവഴി ഉണ്ടായ മരണങ്ങളും വലിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വേദിയായി മാറുകയാണ് ചെയ്തത്.
സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന വിഷയങ്ങളും അതുപോലെതന്നെ വ്യക്തിപരം അല്ലാതെ സംഘപരമായി നടത്തുന്ന പ്രതിഷേധങ്ങളും വരും രാഷ്ട്രീയ മുതലെടുപ്പിനായി കൈകാര്യം ചെയ്യാതെ പ്രശ്നപരിഹാരത്തിന് നീതീകരിക്കപ്പെടാവുന്ന ഇടപെടൽ നടത്തി ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു തരത്തിൽ ചിന്തിക്കാതെ ധാരണയിലൂടെ പ്രവർത്തിച്ചുകൊണ്ട് മുന്നിൽ വരുന്ന പ്രതിസന്ധികൾ പരിഹരിക്കുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരുടെയും ഉത്തരവാദിത്തമാണ് എന്ന കാര്യം അവരെങ്കിലും ഗൗരവമോടെ ചിന്തിച്ചാൽ നന്നായിരുന്നു
തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ റാങ്ക് ഹോൾഡേഴ്സ് നടത്തിക്കൊണ്ടിരിക്കുന്ന സമരം ഒരു ശതമാനം പോലും അന്യായമായ ഒന്നല്ല അർഹമായ യോഗ്യത നേടിയ ശേഷം പബ്ലിക് സർവീസ് കമ്മീഷൻ കണക്കാക്കിയ ഒഴിവുകൾ പ്രഖ്യാപിച്ചു അതിലേക്ക് അപേക്ഷ ക്ഷണിക്കുകയും തുടർനടപടികളുടെ ഭാഗമായി ടെസ്റ്റും ഇൻറർവ്യൂവും നടത്തി അതിൽ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചാൽ അതിൽ ഉൾപ്പെടുന്ന മുഴുവൻ ആൾക്കാർക്കും നിശ്ചിത സമയത്തിനകം നിയമനവും ഉത്തരവ് നൽകുക എന്നത് ന്യായമായ കാര്യം തന്നെയാണ് ‘ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂർത്തിയായി കഴിഞ്ഞാൽ ആയിരക്കണക്കിന് തൊഴിൽ അന്വേഷകരായ ചെറുപ്പക്കാർ ആത്മഹത്യയിലേക്ക് നീങ്ങേണ്ടിവരും എന്നത് ആരും പ്രവചിക്കേണ്ട കാര്യമല്ല
കേരളത്തെപ്പോലെ അഭ്യസ്ഥ വിദ്യർ ലക്ഷക്കണക്കായ തൊഴിൽ അന്വേഷിച്ച് നടക്കുന്ന സംസ്ഥാനത്ത് ഭാവി തലമുറയുടെ ജീവിതം സുരക്ഷിതമാക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തുന്നതിന് പ്രതിപക്ഷ പാർട്ടി നേതാക്കന്മാർക്കും ഉത്തരവാദിത്തമുണ്ട് അത് മറന്നുകൊണ്ട് ഏതു കാര്യത്തിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ഈ ഈ ചെറുപ്പക്കാരോട് കാണിക്കുന്ന അനീതിയാണ് ‘
വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാ സാഹിത്യകാരന്റെ ഒരു കഥാപാത്രം ഉണ്ട് – എട്ടുകാലി മമ്മൂഞ്ഞ് എന്നാണ് ആ കഥാപാത്രത്തിൻ്റെ പേര് നാട്ടിൽ എവിടെ അവിഹിത ഗർഭം ഉണ്ടായാലും അതിൻറെ ആൾ ഞമ്മളാണ് എന്ന് പറഞ്ഞ് കേമത്തംം നടിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിന്റെ സ്ഥിതിയിലേക്ക് കേരളത്തിലെ പ്രതിപക്ഷ പാർട്ടി നേതാക്കൾ എത്തിപ്പെടരുത്. ഏത് സമരം നടന്നാലും അവിടെയെല്ലാം തലയിട്ട് പരമാവധി അലങ്കോലം ഉണ്ടാക്കാൻ നോക്കുക എന്ന ശീലം പ്രതിപക്ഷ നേതാക്കൾ ഉപേക്ഷിച്ചില്ലെങ്കിൽ ജനങ്ങൾ ഒടുവിൽ സഹികെട്ട് നേതാക്കളായ നിങ്ങളെ ഉപേക്ഷിക്കുന്ന സ്ഥിതി വരും എന്ന കാര്യം മറക്കരുത്