സഹകരണ വകുപ്പില്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുന്നു

പൊതു സ്ഥലംമാറ്റം നടത്തിയിട്ട് രണ്ട് വര്‍ഷമായി

ഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. സഹകരണ ഭവനു മുന്നില്‍ കേരള എന്‍.ജിഒ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ വകുപ്പിലും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടത്തിയിട്ടും സഹകരണ വകുപ്പ് അതിന് തയ്യാറായിട്ടില്ല. പൊതു സ്ഥലംമാറ്റം നടത്തിയിട്ട് രണ്ട് വര്‍ഷമായി. ഇഷ്ടക്കാര്‍ക്കും ഭരണപക്ഷ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും ആവശ്യാനുസരണം എപ്പോള്‍ വേണമെങ്കിലും ട്രാന്‍സ്ഫര്‍ നല്‍കുന്ന അവസ്ഥയാണ്. കേരളത്തിലെ സഹകരണ മേഖലയില്‍ അഴിമതി നടത്തി പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്ന നടപടിയാണ് വകുപ്പ് സ്വീകരിക്കുന്നത്. വകുപ്പ് മേധാവി ജീവനക്കാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ലഭിക്കേണ്ട 10% പ്രൊമോഷന്‍ ഇതേവരെ നടന്നിട്ടില്ല. ഇതിനായി ഒഴിവുകള്‍ കണക്കാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല. കരുവന്നൂരും കണ്ടലയും നേമവും പോലുള്ള സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ പണം നിക്ഷേപിച്ചവര്‍ ആത്മഹത്യയുടെ മുനമ്പില്‍ നിന്നിട്ടും ഈ കാട്ടു കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ തയ്യാറായിട്ടില്ല. ഏതെങ്കിലും സഹകരണ സംഘത്തില്‍ അപാകത കണ്ടെത്തിയാല്‍ ജീവനക്കാരെ മാത്രം ബലിയാടാക്കുന്ന രീതിയാണ് നടക്കുന്നത്. പല സംഘങ്ങളിലും അഴിമതി നടത്തിയവര്‍ തിരികെ സര്‍വ്വീസില്‍ കയറി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പൊതു സമൂഹത്തിനുമുന്നില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചു പിടിക്കാന്‍ വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വകുപ്പിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജീവനക്കാരുടെ സംഘടനയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. രാഘേഷ്, ആര്‍. എസ്. പ്രശാന്ത് കുമാര്‍, ഷൈന്‍, മൊബീഷ് തോമസ്, ഷമ്മി എസ്. രാജ്, ഷൈന്‍കുമാര്‍, രതീഷ് രാജന്‍, ഷിബി ലാല്‍, ശിബി, അഖില്‍ എസ്.പി, റെനി, എന്നിവര്‍ സംസാരിച്ചു.