ശബരിമല: മകര ജ്യോതി ദർശിക്കാൻ ശരണ മന്ത്രങ്ങളുമായി പതിനായിരക്കണക്കിന് ഭക്തർ ശബരിമലയുടെ വിവിധ ഭാഗങ്ങളിലായി തമ്പടിച്ചിരിക്കുകയാണ്. കവടിയാർ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ് തേങ്ങയിലെ നെയ്യ് അയ്യപ്പസ്വാമിക്ക് അഭിഷേകം നടത്തി വൈകിട്ട് അഞ്ചിനാണ് നട തുറക്കുക.
തിരുവാഭരണ ഘോഷയാത്രയെ 5.30ന് ശരംകുത്തിയില്‍ സ്വീകരിക്കും. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, മെമ്ബർമാരായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ എന്നിവർ ചേർന്ന് 6.15ന് കൊടിമരച്ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തന്ത്രി കണ്ഠരര് രാജീവരരും മകൻ കണ്ഠര് ബ്രഹ്മദത്തനും മേല്‍ശാന്തി എസ്.അരുണ്‍കുമാർ നമ്പൂതിരിയും ചേർന്ന് ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന പേടകം സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. തിരുവാഭരണം ചാർത്തി 6.30ന് നടയടച്ച് ദീപാരാധന. തുടർന്ന് നടതുറക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും ആകാശത്ത് മകരസംക്രമ നക്ഷത്രവും തെളിയുന്നതോടെ സർവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിച്ച് ഭക്തർ ആത്മ നിർവൃതി തേടും. 19ന് രാത്രി ഹരിവരാസനം വരെ ഭക്തർക്ക് ദർശനം അനുവദിക്കും. തിരുവാഭരണ പേടകം 20ന് പുലർച്ചെ തിരിച്ചെഴുന്നള്ളിക്കും. പന്തളം രാജപ്രതിനിധി ശബരീശദർശനം നടത്തിയ ശേഷം ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് അയ്യപ്പസ്വാമിയെ യോഗനിദ്രയിലാക്കും. ഹരിവരാസനം പാടി ശ്രീകോവില്‍ നടയടയ്ക്കുന്നതോടെ മകര വിളക്ക് ഉത്സവത്തിന് സമാപനമാകും.