എൻ.എം വിജയന്റെ ആത്മഹത്യ

ഐ.സി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ള 3 പ്രതികൾക്ക് മുൻകൂര്‍ ജാമ്യം

കല്‍പ്പറ്റ: യനാട് ‍ഡിസിസി ട്രഷറർ എൻ.എം വിജയൻ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ഐ.സി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ള 3 പ്രതികൾക്ക് രണ്ടുദിവസത്തെ വാദത്തിനൊടുവിൽ കല്‍പ്പറ്റ പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, ജില്ല വിട്ടുപോകരുത് എന്നിങ്ങനെയുള്ള കർശന നിർദേശങ്ങളോടെയാണ് പ്രതികള്‍ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻ ട്രഷറർ കെ.കെ ഗോപിനാഥ് ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. എൻ.എം വിജയന്റെ ആത്മഹത്യക്ക് പിന്നാലെ നാല് പേർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളും ഒളിവില്‍ പോയിരുന്നു. ഐ.സി ബാലകൃഷ്ണൻ എംഎല്‍എ കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നു എങ്കിലും എൻഡി അപ്പച്ചൻ ഇതുവരെയും പൊതുയിടങ്ങളില്‍ എത്താറില്ല.

കഴിഞ്ഞ ഡിസംബർ 24നായിരുന്നു വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം വിജയനെയും മകൻ ജിജേഷിനെയും അവശനിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്നു ഇരുവരും. ഡിസംബർ 27ന് ഇരുവരും മരണത്തിന് കീഴടങ്ങി. പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് (ജനുവരി 7ന്) വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നത്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിയമനത്തിനായി കോഴ വാങ്ങിയതുള്‍പ്പടെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് എൻഎം വിജയൻ തന്റെ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. എൻ.എം വിജയൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ ആത്മഹത്യാക്കുറിപ്പായി കണക്കാക്കുകയായിരുന്നു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളില്‍ നിന്ന് കോഴ വാങ്ങി. വയനാട് ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ, സുല്‍ത്താൻ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണൻ, തുടങ്ങിയവർക്കാണ് വിജയൻ മുഖേന കോഴ കൈമാറിയത്. എന്നാല്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഭരണം ലഭിക്കാതെ വരികയും കോഴ നല്‍കിയവർക്ക് നിയമനം നല്‍കാൻ സാധിക്കാതെ വരികയും ചെയ്തതോടെ പണം നല്‍കിയവർ തുക തിരിച്ച്‌ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിജയനെ കയ്യൊഴിയുകയും പണം മടക്കിനല്‍കാൻ സ്വന്തം സ്വത്തുവകകള്‍ പണയം വെക്കാൻ നിർബന്ധിതനാവുകയുമായിരുന്നു. ഇതുവഴിയാണ് വൻ സാമ്പത്തിക ബാധ്യതയ വിജയന്റെ കുടുംബത്തിനുണ്ടായത്.