50 കോടി താന്‍ ഇല്ലാത്തപ്പോള്‍ വച്ചതെന്ന് നടി, തന്റേതല്ലെന്ന് മുന്‍ മന്ത്രിയും

കൊല്‍ക്കത്ത: ഫ്ലാറ്റുകളിൽ നിന്ന് പിടിച്ചെടുത്ത കോടികൾ തന്‍റേതല്ലെന്ന് നടി അർപ്പിത മുഖർജി. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിൽ പണം തന്‍റേതല്ലെന്ന് അർപിത മുഖർജി പറഞ്ഞിരുന്നു. അർപ്പിതയുടെ ഫ്ലാറ്റുകളിൽ നിന്ന് 50 കോടിയോളം രൂപ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇത് പിടിച്ചെടുത്തത്.

ടോളിഗഞ്ച്, ബെൽഗാരിയ എന്നിവിടങ്ങളിലെ അർപിതയുടെ ഫ്ലാറ്റുകളിൽ നിന്നാണ് പണം പിടിച്ചെടുത്തത്. എന്നാൽ, താൻ ഇല്ലാത്ത സമയത്താണ് ഫ്ലാറ്റുകളിൽ പണം കൊണ്ടുവന്നതെന്നും പണം സൂക്ഷിച്ചതിനെ കുറിച് തനിക്ക് ഒന്നും അറിയില്ലെന്നും അർപ്പിത പറഞ്ഞു. ഇഡി കസ്റ്റഡിയിൽ അർപ്പിതയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കേസിലെ മറ്റൊരു പ്രതിയായ മുൻ മന്ത്രി പാർത്ഥ ചാറ്റർജിയും പണത്തിന്‍റെ ഉടമസ്ഥാവകാശം നിഷേധിച്ചിട്ടുണ്ട്. അർപ്പിതയുടെ ഫ്ലാറ്റുകളിൽ നിന്ന് പിടിച്ചെടുത്ത പണം തന്‍റേതല്ലെന്നായിരുന്നു പാർത്ഥയുടെ മൊഴി.