നിക്ഷേപകർക്ക് ആത്മവിശ്വാസം വർധിപ്പിച്ച് അദാനിയുടെ വരവ്

Adani's entry boosts investor confidence

യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ കുടുങ്ങി പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് വീണ്ടും ഓഹരി വിപണിയിൽ സജീവമാകുന്നു. നിക്ഷേപകർക്ക് ആത്മവിശ്വാസം വർധിപ്പിച്ച് വ്യാഴാഴ്ച തിരിച്ചടക്കേണ്ടിയിരുന്ന 500 മില്യൺ ഡോളർ ബ്രിഡ്ജ് ലോൺ അദാനി ഗ്രൂപ്പ് തിരിച്ചടച്ചു. റോയിറ്റേഴ്സ് റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 7,374 കോടി രൂപയുടെ ഓഹരി അധിഷ്ഠിത വായ്പ മുൻകൂറായി കമ്പനി അടച്ചു തീർത്തു. പ്രമോട്ടർമാരുടെ വാഗ്ദാന പ്രകാരമാണ് വായ്പയുടെ മുൻകൂർ പേയ്മെന്റ് നടപടി ഉണ്ടായിരിക്കുന്നത്.

 

അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ മുമ്പ് എസ്ബിഐ മ്യൂച്വൽ ഫണ്ടിലേക്ക് 1500 കോടി രൂപ വായ്പ തിരിച്ചടച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഈ ചുവടുവെപ്പ് നിക്ഷേപകരുടെ ആത്മവിശ്വാസം നിലനിർത്തുക എന്ന കാഴ്ചപ്പാടിലൂന്നിയാണ്. 2022 സെപ്റ്റംബറിൽ അദാനി ഗ്രൂപ്പിന്റെ മൊത്തം കടം 2.26 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാനി ഗ്രൂപ്പ് ഈ സാഹചര്യങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവും പുതിയ വീണ്ടെടുക്കലിന് ശേഷം, ഫെബ്രുവരി27ന് ഏകദേശം 6.82 ലക്ഷം കോടി രൂപയിൽ രജിസ്റ്റർ ചെയ്ത വിപണി മൂലധനം മാർച്ച് 6ന് ഏകദേശം 8.85 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. ഗൗതം അദാനിയുടെ സമ്പാദ്യത്തിലും വർധനവുണ്ട്, ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച് അദ്ദേഹം ഇപ്പോൾ സമ്പന്നരുടെ പട്ടികയിൽ 24-ാം സ്ഥാനത്തെത്തി. 52.1 ബില്യൺ ഡോളറിന്റെ ആസ്തിയോടെയാണ് അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്.