സീറ്റ്‌ വാഗ്‌ദാനം ചെയ്‌ത്‌ 25 ലക്ഷം തട്ടിയ തമിഴ്‌നാട്‌ സ്വദേശി അറസ്റ്റിൽ

പാലാ: മകന്‌ എം.ബി.ബി.എസ്‌. അഡ്‌മിഷന്‍ നല്‍കാമെന്നു പറഞ്ഞ്‌ വീട്ടമ്മയില്‍നിന്ന്‌ 25 ലക്ഷം രൂപ തട്ടിയെടുത്ത ഒളിവില്‍ കഴിഞ്ഞിരുന്ന തമിഴ്‌നാട്‌ സ്വദേശി അറസ്റ്റിൽ.തമിഴ്‌നാട്‌ അമ്ബത്തൂര്‍ പിള്ളയാര്‍ കോവില്‍ സ്‌ട്രീറ്റില്‍ ശിവപ്രകാശ്‌ നഗര്‍ ഡോര്‍ നം 162 ല്‍ വിജയകുമാർ (47) പാലാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വെല്ലൂരിലെ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന്‌ സീറ്റ്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ പൂവരണി സ്വദേശിനിയില്‍ നിന്ന്‌ 25 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്നാണു പരാതി.
പാല പോലീസ്‌ മറ്റൊരു പ്രതിയായ ബഥേല്‍ വീട്ടില്‍ അനു സാമുവലിനെ നേരത്തെ പിടികൂടിയിരുന്നു. ചെന്നൈയില്‍ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. ഇയാള്‍ തട്ടിപ്പിനു വേണ്ടി 18 ഓളം സിംകാര്‍ഡുകളാണ്‌ മാറിമാറി ഉപയോഗിച്ചിരുന്നതെന്നും പോലീസ്‌ കണ്ടെത്തി. ഇയാള്‍ക്കെതിരേ തൃശൂര്‍ വെസ്‌റ്റ്‌, പന്തളം, അടൂര്‍ സ്‌റ്റേഷനുകളില്‍ സമാന രീതിയില്‍ പണം തട്ടിയെടുത്ത കേസുകള്‍ നിലവിലുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.