ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസര്‍ക്കാര്‍; സന്നദ്ധത അറിയിച്ചത് കേന്ദ്ര കായികമന്ത്രി
ന്യൂഡല്‍ഹി: ബിജെപി എംപിയും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
‘ഗുസ്തിക്കാരുമായി അവരുന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായി ഞാന്‍ ഒരിക്കല്‍ കൂടി താരങ്ങളെ ക്ഷണിക്കുന്നു’ ബുധനാഴ്ച അര്‍ദ്ധരാത്രി അനുരാഗ് ഠാക്കൂര്‍ ട്വീറ്റില്‍ അറിയിച്ചു.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ പ്രധാന ആവശ്യം. മെഡലുകള്‍ ഗംഗയിലൊഴുക്കുമെന്നടക്കം താരങ്ങള്‍ അന്ത്യശാസനവും നല്‍കിയിരുന്നു.
നാല് ദിവസം മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ചര്‍ച്ചയക്ക് തയ്യാറാണെന്ന് അറിയിച്ച് കായിക മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഇതിനിടെ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കര്‍ഷക സംഘടനകള്‍ സര്‍ക്കാരിന് ഈ മാസം ഒമ്പത് വരെയാണ് സമയം നല്‍കിയിരിക്കുന്നത്. അതിനുള്ളില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നാണ് മുന്നറിയിപ്പ്.
‘സര്‍ക്കാരിന് ഞങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ ജൂണ്‍ 9 വരെ സമയം നല്‍കിയിരുന്നു; അവര്‍ ഞങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വിളിച്ചു’ കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് വീണ്ടും ഹരിയാനയില്‍ ഖാപ് പഞ്ചായത്ത് ചേരും.