രാജ്യത്ത് പുതുതായി 50 മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ച് കേന്ദ്രസർക്കാർ; കേരളത്തിന് ഒന്നുപോലുമില്ല

ന്യൂഡൽഹി : രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലും രാജസ്ഥാനിലും അഞ്ച്,മഹാരാഷ്ട്രയില്‍ നാല്,അസ്സം ഗുജറാത്ത് കര്‍ണാടക തമിഴ്നാട് എന്നിവിടങ്ങളിൽ മൂന്ന് വീതം,ഹരിയാന, ജമ്മു കശ്മീര്‍ ഒഡീഷ ബംഗാൾ എന്നിവിടങ്ങളിൽ രണ്ട് വീതം, മധ്യപ്രദേശ് നാഗാലാന്‍ഡ് യുപി എന്നിവിടങ്ങളിൽ ഒന്ന് ന്നിങ്ങനെയാണ് മെഡിക്കൽ കോളേജുകൾ അനുവദിച്ചിരിക്കുന്നത്.
നേരത്തെ നഴ്‌സിങ് കോളേജുകള്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിലും കേരളത്തെ കേന്ദ്രം അവഗണിച്ചിരുന്നു. അത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇപ്പോള്‍ അനുവദിച്ച കോളേജുകളില്‍ 30 സര്‍ക്കാര്‍ കോളേജുകളും 20 സ്വകാര്യ കോളേജുകളുമാണ്. ഇവയില്‍ ട്രസ്റ്റുകള്‍ക്ക് അനുവദിച്ചതുമുണ്ട്. പട്ടിക ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന്റെ ആരോഗ്യരംഗത്തിന് കേന്ദ്രം പരിഗണന നല്‍കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. പുതുതായി 8195 എംബിബിഎസ് സീറ്റുകളും അനുവദിച്ചിട്ടുണ്ട്.