മുംബൈയെ ഞെട്ടിച്ച് വീണ്ടും അരുംകൊല; പാര്‍ട്ണറെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി

മുംബൈ: മുംബൈയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം കൂടി. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാര്‍ട്ട്മെന്റില്‍ 56 കാരന്‍ ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങള്‍ കുക്കറില്‍ പാകം ചെയ്തതായും പൊലീസ് അറിയിച്ചു. മനോജ് സഹാനി എന്നയാളാണ് അറസ്റ്റിലായത്. ഗീതാ നഗര്‍ ഫേസ് ഏഴിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മനോജ് സഹാനിയോടൊപ്പമാണ് താമസം. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ബോരിവാലിയില്‍ ചെറിയ കട നടത്തുകയാണ് മനോജ്.
പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇയാളുടെ വീട്ടില്‍ നിന്ന് അഴുകിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നോനാലോ ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ് ഇന്‍ റിലേഷനായിരുന്നു. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടാകുകയും മനോജ് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും കുക്കറില്‍ തിളപ്പിക്കുകയും ചെയ്തു. തെളിവുകള്‍ മറച്ചുവെക്കാന്‍ പ്രതി ശ്രമിച്ചെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഡല്‍ഹിയിലെ ശ്രദ്ധാ വാക്കറുടെ കൊലപാതകത്തിന് സമാനമായാണ് മുംബൈയിലും നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.