പുസ്തകങ്ങൾ ശേഖരിച്ച് പതിനൊന്ന് വയസ്സുക്കാരി തേടിയെത്തിയത്; പ്രധാനമന്ത്രിയുടെ അഭിനന്ദനം

കോയമ്പത്തൂർ : മലയാളിയായ ആകർഷണ സതീഷിന് എന്നും പ്രിയപ്പെട്ടത് പുസ്തകങ്ങളാണ്. ഹൈദരാബാദ് പബ്ലിക് സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ പതിനൊന്നുകാരിക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിലാണ് ഹരം.കോവിഡ് കാലത്ത് തുടങ്ങിയ ശേഖരത്തിൽ ഇതുവരെയെത്തിയത് 5,400 പുസ്തകങ്ങൾ. അഞ്ചിടത്ത് വായനശാലകൾ സ്ഥാപിക്കാൻ പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്യ്തു. പ്രധാനമന്ത്രിയുടെവരെ അഭിനന്ദനം ഏറ്റുവാങ്ങിയ ഈ മിടുക്കിക്ക് പത്തു വായനശാലകൾ ഒരുക്കുകയെന്നതാണ് ലക്ഷ്യം. കോയമ്പത്തൂർ സിങ്കാനല്ലൂർ സ്വദേശിയായ സതീഷ്‌കുമാർനായർ-പ്രവിത ദമ്പതിമാരുടെ മകളാണ് ആകർഷണ സതീഷ്. ഹൈദരാബാദിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായ സതീഷ്‌കുമാർ പാലക്കാട് കാവശ്ശേരിക്കാരനാണ്. പ്രതിരോധസാമഗ്രികളുടെ വിതരണത്തിന് മുന്നിട്ടിറങ്ങിയാണ് ആകർഷണ സാമൂഹികസേവനത്തിനു തുടക്കംകുറിച്ചത്. ഹൈദരാബാദിലെ എം.എൻ.ജെ. കുട്ടികളുടെ അർബുദചികിത്സാ ആശുപത്രിയിലെ രോഗികൾക്ക് ചിത്രം വരയ്ക്കാനുള്ള പുസ്തകങ്ങൾ നൽകിയായിരുന്നു പുസ്തകശേഖരണം തുടങ്ങിയത്. പിന്നീട് അപ്പാർട്ട്‌മെന്റിലെ അയൽക്കാരിൽ നിന്നും സുഹൃത്തുക്കളിൽനിന്നും പുസ്തകം ശേഖരിക്കാൻ തുടങ്ങി. കഥകളും അറിവുപകരുന്ന പുസ്തകങ്ങളുമാണ് അധികവും ശേഖരിക്കുന്നത്. എം.എൻ.ജെ. ആശുപത്രിയിൽ തന്നെയാണ് ആദ്യ ലൈബ്രറി സ്ഥാപിക്കുന്നത്. അവിടെ 1,036 പുസ്തകങ്ങൾ നൽകി. പിന്നീട് പുസ്തകശേഖരം വിപുലമാക്കി. നഗരത്തിലെ സനത്‌നഗർ പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ ലൈബ്രറി സജ്ജമാക്കിയത്. ഇവിടെ 1,000 പുസ്തകങ്ങൾ സമ്മാനിച്ചു.
ഹൈദരാബാദിലെ സർക്കാർ നിയന്ത്രണത്തിലുള്ള പെൺകുട്ടികളുടെ ജുവനൈൽ ഹോമിലാണ് മൂന്നാമത്തെ ലൈബ്രറി ഒരുക്കിയത്. ഇവിടേക്ക് 625 പുസ്തകങ്ങൾ നൽകി. വീട്ടിനടുത്തുള്ള ഗായത്രി അസോസിയേഷൻ ലൈബ്രറിക്കും പുസ്തകങ്ങൾ നൽകി. അഞ്ചാമത്തെ ലൈബ്രറിയാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ സജ്ജമാക്കിയത്. 200 പുസ്തകങ്ങളാണ് ഇവിടെ നൽകിയത്. കോയമ്പത്തൂരിൽ അവധിക്ക് വന്നപ്പോഴാണ് പുസ്തകങ്ങൾ സമ്മാനിച്ചത്. സിറ്റി പോലീസ് കമ്മിഷണർ വി. ബാലകൃഷ്ണൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ചെന്നൈയിലെ ഡി.ജി.പി. ഓഫീസിൽ ലൈബ്രറി ഒരുക്കാൻ ഡി.ജി.പി. സി. ശൈലേന്ദ്രബാബു സമ്മതിച്ചിട്ടുണ്ട്. 24-നാണ് ഉദ്ഘാടനം. 1,000 പുസ്തകങ്ങളാണ് നൽകുന്നത്.
ആകർഷണയുടെ പുസ്തകശേഖരണം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായതോടെ ഹൈദരാബാദ് പോലീസിന്റെയും സർക്കാരിന്റെ വിവിധ ഏജൻസികളുടെയും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. 2021 മാർച്ച് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനംകൂടി എത്തിയതോടെ ആകർഷണയ്ക്ക് അതൊരു വലിയ അംഗീകാരവും പ്രചോദനവുമായി മാറി.