ഫ്രഞ്ച് തീരംതൊട്ടി അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍

ന്യുഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസ് പൂര്‍ത്തിയാക്കി ചരിത്രം കുറിച്ച്‌ മലയാളിയായ അഭിലാഷ് ടോമി. ഈ നേട്ടം വൈകിരിക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി.

ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 മണി കഴിഞ്ഞതോടെ അഭിലാഷിന്റെ പായ്‌വഞ്ചി ബയാനത് ഫ്രഞ്ച് തീരത്ത് എത്തിയത്.

236 ദിവസം, 14 മണിക്കൂര്‍, 46 മിനിറ്റുകൊണ്ടാണ് ദൗത്യം പൂര്‍ത്തിയാക്കുന്നത്. 48,000 കിലോമീറ്റര്‍ ആണ് അഭിലാഷ് ടോമി സഞ്ചരിച്ചത്. രണ്ടാമതായാണ് ഫിനീഷ് ചെയ്തത്. ദക്ഷിണാഫ്രിക്കില്‍ നിന്നുള്ള കേഴ്‌സ്റ്റണ്‍ വ്യാഴാഴ്ച റേസ് ഫിനീഷ് ചെയ്തിരുന്നു.

നോര്‍ത്ത് അറ്റ്ലാന്റിക്കിലെ കരയിലെ പടിഞ്ഞാറന്‍ ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോനില്‍നിന്നാണ് 2022 സെപ്തംബറില്‍ അഭിലാഷ് യാത്ര തുടങ്ങിയത്. നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്ര മേഖലയില്‍ കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഒരു ഘട്ടത്തില്‍.

2018ല്‍ അഭിലാഷ് യാത്ര നടത്തിയെങ്കിലൂം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ അഭിലാഷിന്റെ വഞ്ചി തകര്‍ന്നു. കടല്‍ക്ഷോഭത്തില്‍ ബോട്ടില്‍ നടുവിടിച്ചു വീണ അഭിലാഷിനെ ഒരു ഫ്രഞ്ച് മത്സ്യബന്ധന ബോട്ടാണ് രക്ഷപ്പെടുത്തിയത്. അന്നത്തെ അപകടത്തില്‍ നട്ടെല്ലിന് അടക്കം പരിക്കേറ്റ അഭിലാഷ് ടോമി നാല് വര്‍ഷത്തിനു ശേഷമാണ് ചരിത്രത്തിലേക്ക് പായ്‌വഞ്ചി ഓടിച്ചുകയറിയത്.

1968ല്‍ ആണ് ഗോള്‍ഡണ്‍ ഗ്ലോബ് റേസ് ആദ്യമായി നടത്തിയത്. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിവരുന്നതാണ് മത്സരം. 2018ലാണ് ഇതിന്റെ രണ്ടാമത്തെ എഡീഷന്‍ തുടങ്ങുന്നത്. 2022 സെപ്തംബര്‍ നാലിന് ഫ്രാന്‍സിലെ െല സാബ്‌ലെ ദെലോനില്‍ നിന്നാണ് ഇന്ന് അവസാനിച്ച മത്സരം ആരംഭിച്ചത്. യുഎഇ കമ്പനി ബയാനത് ആണ് അഭിലാഷ് ടോമിയുടെ സ്‌പോണ്‍സര്‍മാര്‍. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സും സഹസ്‌പോണ്‍സറാണ്. 16 നാവികരാണ് മത്സരം തുടങ്ങിയതെങ്കിലും മൂന്നു പേര്‍ മാത്രമാണ് ഫിനിഷിങ്ങിലേക്ക് എത്തിയത്.