മിന്നു മണി ജംഗ്ഷൻ മാനന്തവാടി! ആദരമൊരുക്കി നഗരസഭ

 മാനന്തവാടി :  ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നു മണിക്ക് ആദരമൊരുക്കി ജന്മനാട്. വയനാട് മാനന്തവാടി മൈസൂരു റോഡ് ജംക്ഷന് മിന്നു മണിയുടെ പേരുനല്‍കിയിരിക്കുകയാണ് നഗരസഭ.

മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം വനിതാ ഐ.പി.എല്ലില്‍ താരം കളിക്കുന്ന ഡല്‍ഹി കാപിറ്റല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജംക്ഷന് മിന്നുമണി എന്നു നാമകരണം ചെയ്ത ശേഷം മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ രത്‌നവല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം ബോര്‍ഡ് അനാച്ഛാദനം ചെയ്തു. രാജ്യന്തര വനിതാ ക്രിക്കറ്റില്‍ തകര്‍പ്പൻ അരങ്ങേറ്റം കുറിച്ച മിന്നു മണിക്ക് അര്‍ഹിക്കുന്ന ആദരവാകുമിതെന്ന് നഗരസഭാ യോഗം വിലയിരുത്തി. ബംഗ്ലാദേശുമായുള്ള ടി20 പരമ്ബരയ്ക്കുശേഷം നാട്ടിലെത്തിയ മിന്നു മണിക്ക് നഗരസഭ ഉജ്ജ്വല പൗരസ്വീകരണം നല്‍കിയിട്ടുണ്ട്.