സ്കൂട്ടറിൽ പോകുന്ന സ്ത്രീകളെ ലക്ഷ്യം വയ്ക്കും, പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കും; അറസ്റ്റ്

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തിൽ പ്രവീൺ (40), മുട്ടത്തറ ശിവജി ലെയിനിൽ ടി സി 42/785 പുതുവൽ പത്തിൻവീട്ടിൽ വിഷ്ണു (28) തുടങ്ങിയവരാണ് തമ്പാനൂർ പോലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി ആയുർവേദ കോളേജ് ആശുപത്രി ജം​ഗ്ഷനിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടർന്ന് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായിട്ടുള്ളത്. സ്ത്രീയുടെ ബാഗ് ഇരുവരും ചേർന്ന് പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധിച്ചതോടെ ഇവർ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പഴവങ്ങാടിയിലും പരുത്തിക്കുഴിയിലും വഞ്ചിയൂരിലും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെ പിന്തുടർന്ന് ആഭരണങ്ങളും മൊബൈലും പിടിച്ചുപറിച്ചതും ഇവരാണെന്ന് പോലീസ് പറയുന്നു. മോഷണത്തിനായി ഉപയോഗിച്ച ബൈക്കുകളും വിവിധയിടങ്ങളിൽനിന്ന് തട്ടിയെടുത്തതാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.