കാട്ടാക്കട ആൾമാറാട്ട കേസിലെ പ്രതികളായ മുൻ എസ്എഫ്ഐ നേതാവ് വിശാഖും മുൻ പ്രിൻസിപ്പൽ ഷൈജുവും കീഴടങ്ങി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന എ വിശാഖും കൂട്ടുനിന്ന മുന്‍ കോളജ് പ്രിന്‍സിപല്‍ ജി ജെ ഷൈജുവും പോലീസില്‍ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികൾക്ക് കീഴടങ്ങാൻ നൽകിയ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഹാജരായത്. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ കൗൺസിലറായി വിജയിച്ച വിദ്യാർത്ഥിനിക്ക് പകരം എസ്എഫ്ഐ നേതാവ് വിശാഖിൻ്റെ പേരാണ് നല്‍കിയതെന്നാണ് കേസ്. സുരക്ഷ വിമർശനത്തോടെ കഴിഞ്ഞ ശനിയാഴ്ച ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പ്രതികളോട് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ വിശാഖും പിന്നാലെ ഷൈജുവും ഹാജരാവുകയായിരുന്നു. പ്രതികളുടെഅറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കാട്ടാക്കട കോടതിയിൽ ഹാജരാക്കും. . ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹർജി തള്ളിയ ശേഷമാണ് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചത്.