തെലുങ്കിലെ പ്രശസ്ത ഗായിക മാങ്ക്‌ലിക്ക് വാഹനാപകടത്തില്‍ പരിക്ക്.

 

ഹൈദരാബാദ്: തെലുങ്കിലെ പ്രശസ്ത യുവഗായിക സത്യവതി റാഥോഡ് എന്ന മാങ്ക്‌ലിക്ക് വാഹനാപകടത്തില്‍ പരിക്ക്. തെലങ്കാനയിലെ തൊണ്ടപ്പള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് മാങ്ക്‌ലിക്ക് പരിക്കേറ്റത്.

ഞായറാഴ്ച ഷംഷാബാദില്‍ ഒരു ചാനല്‍ പരിപാടി കഴിഞ്ഞ് മടങ്ങിവരവേ സഞ്ചരിച്ചിരുന്ന കാറിനുപിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടമുണ്ടാക്കിയതിന് ട്രക്ക് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രണ്ട് സുഹൃത്തുക്കളും ഗായികയ്ക്കൊപ്പം കാറിലുണ്ടായിരുന്നു. തുടർന്ന്, ഉടനടി ഹൈദരാബാദിലെ ആശുപത്രിയിലെത്തിച്ചു. ഇവർ ഉടൻ ആശുപത്രിവിടാനാണ് സാധ്യത. പിന്നീട്, സോഷ്യല്‍ മീഡിയയിലൂടെ താരം, താൻ സുരക്ഷിതയാണെന്നും ചെറിയപരിക്കുകളെ ഉള്ളു എന്നും അറിയിച്ചു. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.

തെലുങ്ക് ചലച്ചിത്രരംഗത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന ഗായികമാരില്‍ ഒരാളാണ് മാങ്ക്‌ലി. പുഷ്പയിലെ ഓ അണ്ടവാ മാമാ (കന്നഡ),സീട്ടി മാർ-ലെ ജ്വാലാ റെഡ്ഡി, വിക്രാന്ത് റോണഎന്ന ചിത്രത്തിലെ രാ രാ രക്കമ്മ (തെലുങ്ക് പതിപ്പ്) അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിലെ രാമുലോ രാമുലാ,തുടങ്ങി നിരവധി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് അവർ. വിജയ് ദേവരകൊണ്ട നായകനായ ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിനുവേണ്ടി മാങ്ക്‌ലി ആലപിച്ച ‘കല്യാണി വച്ചാ വച്ചാ’ എന്ന ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു.