സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കം നൂറുകണക്കിനാളുകൾ വെല്ലിങ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് കപ്പൽയാത്രാ കേന്ദ്രത്തിനുമുന്നിൽ കാത്തു നിന്നു… ആരെങ്കിലുമൊരാൾ യാത്ര റദ്ദാക്കിയാൽ കയറിപ്പോകാമല്ലോ എന്ന പ്രതീക്ഷയിൽ. ‘എം.വി. കോറൽസ്’ കപ്പലിലേക്കുള്ള യാത്രക്കാരെല്ലാം കയറിയതോടെ വെള്ളിയാഴ്ച രാത്രി എട്ടുണിക്ക് പരിശോധനാ കേന്ദ്രം അടച്ചു. അത്രനേരം കാത്തു നിന്നവരെല്ലാം നിരാശയോടെ കൊച്ചിയിലെ ഹോട്ടൽ മുറികളിലേക്ക് മടങ്ങി. ലക്ഷദ്വീപിലേക്ക് എത്താനുള്ളവരുടെ ആഴ്ചകളായുള്ള അവസ്ഥയാണിത്.
ആവശ്യത്തിന് കപ്പലുകളില്ലാതെ ആയിരത്തോളം ദ്വീപുകാരാണ് കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിനൊപ്പം ലക്ഷദ്വീപിൽ അവശ്യസാധന ക്ഷാമം രൂക്ഷമാവുകയാണ്. പച്ചക്കറിയോ ആട്ടയോ മൈദയോ പഞ്ചസാരയോ പോലും കിട്ടാനില്ലാത്ത സ്ഥിതി.
ലക്ഷദ്വീപിലേക്ക് അഞ്ചുകപ്പലുകളാണ് സർവീസ് നടത്തിയിരുന്നത്. എഴുന്നൂറുപേർക്ക് സഞ്ചരിക്കാവുന്ന എം.വി. കവരത്തിയാണ് ഇതിൽ ഏറ്റവും വലുത്. ഈ കപ്പൽ മുംബൈയിൽ അറ്റകുറ്റപ്പണികൾക്ക് കയറ്റിയിട്ട് രണ്ടുമാസമായി.
പത്തുമാസമായി ‘ലക്ഷദ്വീപ് സീ’ എന്ന കപ്പൽ അറ്റകുറ്റപ്പണികൾക്കായി കൊച്ചി കപ്പൽശാലയിലുണ്ട്. അറ്റകുറ്റപ്പണികൾക്കായി ഇതുവരെ ‘സ്ലോട്ട്’ കിട്ടിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. വെള്ളിയാഴ്ച വരെ നാനൂറ് പേർക്ക് യാത്ര ചെയ്യാവുന്ന എം.വി. ലഗൂൺസ്, 250 പേർക്ക് യാത്ര ചെയ്യാവുന്ന അറേബ്യൻസീ എന്നീ കപ്പലുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. വെള്ളിയാഴ്ച രാത്രി മുതൽ നാനൂറുപേർക്ക് പോകാവുന്ന എം.വി. കോറൽസും സർവീസ് തുടങ്ങിയിട്ടുണ്ട്.
ഓണം, നബിദിനം എന്നിവ ഒരുമിച്ചുവന്നതോടെ കേരളത്തിൽ പഠിക്കുന്ന ദ്വീപിലെ വിദ്യാർഥികൾ അവധിക്കാലത്ത് നാട്ടിലെത്താൻ കഷ്ടപ്പെടുകയാണ്. ഇതോടൊപ്പം ആശുപത്രി ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് എത്തിയ ദ്വീപുകാരുമുണ്ട്. ആഴ്ചകളായി കൊച്ചി നഗരത്തിൽ ഹോട്ടലുകളിൽ വാടകയ്ക്ക് താമസിക്കുകയാണിവർ. കൊച്ചിയിൽ നിന്നാണ് ലക്ഷദ്വീപുകളിലേക്കുള്ള പച്ചക്കറിയും പലവ്യഞ്ജനവും എത്തുന്നത്. കപ്പലുകൾ ആവശ്യത്തിന് ഇല്ലാതായതോടെ അവശ്യസാധനങ്ങളുടെ വരവും നിന്നു.
എന്നാൽ അധികൃതർ പറയുന്നത് ഇങ്ങനെ
അവധിക്കാലം വന്നതിന്റെ പ്രശ്നമാണിതെന്നും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതിനിധികൾ പറഞ്ഞു. അറ്റകുറ്റപ്പണി കഴിഞ്ഞ് വെള്ളിയാഴ്ച പുറപ്പെട്ട എം.വി. കോറൽസ് 17-ന് തിരിച്ചെത്തും. 18-ന് വീണ്ടും പുറപ്പെടും. അതിനുള്ള ടിക്കറ്റുകൾ ഞായറാഴ്ച മുതൽ ഓൺലൈനിൽ ലഭ്യമാക്കും. കപ്പലുകളിൽ യാത്രക്കാർക്കാണ് മുൻഗണന നൽകുന്നത് എന്നതിനാലാണ് സാധനങ്ങൾ അധികം കയറ്റാൻ സാധിക്കാത്തതെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നുംന നാഷണൽ ലീഗ് ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൽ ഗഫുർ പറഞ്ഞു