സീ – പ്ലെയിൻ പറക്കലിൽ തട്ടിപ്പിന്റെ നാടകം.
കമ്പനിയുടെ ഡെമോൺസ്ട്രേഷൻ പരിപാടി എന്ന് വിമർശനം
കായൽ പരപ്പിൽ പറന്നു ഇറങ്ങുകയും അതുപോലെതന്നെ കായലിൽ നിന്നും പറന്ന് ഉയർന്ന് മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തടാകങ്ങളിൽ പറന്ന് ഇറങ്ങുകയും ചെയ്യുന്ന ജലവിമാനം സർവീസിന്റെ പദ്ധതിയുമായി പിണറായി സർക്കാർ കഴിഞ്ഞ ദിവസം കൊട്ടിഘോഷിച്ച് വലിയ ആഘോഷങ്ങൾ നടത്തിയിരുന്നു. പത്ത് വർഷം മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇതിന് സമാനമായ സീ പ്ലെയിൻ പദ്ധതിയുടെ ട്രയൽ റൺ നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാരെല്ലാം സംഘടിച്ച് അതിന് തടസ്സം ഉണ്ടാക്കിയത് വേമ്പനാട്ടുകായലിൽ നിരവധി വള്ളങ്ങളും ബോട്ടുകളും നിരത്തി ആണ്. ഇടതു നേതാക്കളുടെ പ്രതിഷേധം പടർന്നപ്പോൾ അതോടുകൂടി ഉമ്മൻചാണ്ടി ഈ പദ്ധതിയിൽ നിന്നും മാറുകയും ചെയ്തു. സീ – പ്ലെയിൻ പദ്ധതി നടപ്പിലാക്കി വിമാനങ്ങൾ കായലിൽ ഇറങ്ങിയാൽ മത്സ്യബന്ധനം നടത്താൻ പറ്റില്ല എന്നും മത്സ്യങ്ങളെല്ലാം തീരം വിട്ട് പോകുമെന്നും ഒക്കെയുള്ള വമ്പൻ പരാതികളാണ് അന്ന് കമ്മ്യൂണിസ്റ്റ് നേതാക്കൾ പറഞ്ഞത്. ഇപ്പോൾ എന്തായാലും ആ വീരവാദങ്ങൾ ഒക്കെ വിഴുങ്ങിക്കൊണ്ട് പിണറായി സർക്കാർ സീ പ്ലെയിൻ പദ്ധതിയുമായി വീണ്ടും വന്നിരിക്കുകയാണ്. എന്നാൽ ഈ പദ്ധതിയുടെ പേരിൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും മാട്ടുപ്പെട്ടിയിലേക്ക് വിമാനം പറന്നത് ഈ പദ്ധതിയുടെ പരീക്ഷണ പറക്കൽ ആയിരുന്നില്ല എന്നും വിമാന കമ്പനി ടൂറിസ്റ്റ് മുതലാളിമാരുടെ ശ്രദ്ധയിൽപ്പെടുത്തി വിമാനത്തിന് ഓർഡർ നേടിയെടുക്കാനുള്ള വെറും തട്ടിപ്പ് പരിപാടിയാണ് നടത്തിയത് എന്നും ആണ് വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
കേരളത്തിലെ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കും എന്ന് പറഞ്ഞു കൊണ്ടാണ് ജലവിമാനം കൊച്ചിയിൽ സർക്കാർ എത്തിച്ചത്. ഒരു കനേഡിയൻ കമ്പനി നിർമ്മിച്ച ജലവിമാനം ആണ് കൊച്ചി കായലിൽ പറന്ന് ഇറങ്ങിയത്. എന്നാൽ ഈ കമ്പനിയുടെ അധികൃതർ തന്നെ പറയുന്നത് കമ്പനി നിർമ്മിച്ച വിമാനത്തിന്റെ ഡെമോൺസ്ട്രേഷൻ ആണ് കൊച്ചിയിൽ നടന്നത്. അല്ലാതെ സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ട്രയൽ റൺ അല്ല എന്നും ആണ്. ഇതാണ് വാസ്തവം എങ്കിൽ കേരള സർക്കാർ മലയാളികളെ പട്ടാപ്പകൽ പറ്റിച്ചിരിക്കുകയാണ്.ജലഗതാഗതത്തിന് ഉപയോഗപ്പെടുത്തുവാൻ കഴിയുന്ന ചെറു വിമാനങ്ങൾ നിർമ്മിക്കുന്ന കനേഡിയൻ കമ്പനിയാണ് കൊച്ചിയിൽ വിമാനം ഇറക്കിയത്. ഇത്തരത്തിലുള്ള ചെറിയ വിമാനങ്ങൾ വാങ്ങാൻ താല്പര്യമുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിനു വേണ്ടിയാണ് ഈ വിമാന പറക്കൽ നടത്തിയത് എന്നാണ് ഇപ്പോൾ കനേഡിയൻ കമ്പനി ഉടമകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരിക്കുന്നത്. ഇത് വെറും കമ്പനിയുടെ ചെറുവിമാനത്തിന്റെ ഡെമോൺസ്ട്രേഷൻ മാത്രമാണ് എന്നും കമ്പനിയുടെ ലക്ഷ്യം ചെറു വിമാനങ്ങളുടെ വിൽപ്പനയ്ക്ക് വഴിയൊരുക്കുക മാത്രമാണ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ജലവിമാനങ്ങൾ സർവീസ് നടത്തുന്നതോടുകൂടി കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ വലിയ തോതിൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥിതി ഉണ്ടാകുമെന്നും എന്ത് പ്രതിസന്ധികൾ ഉണ്ടായാലും സർവീസ് ആരംഭിക്കുമെന്നും ആണ് നമ്മുടെ ടൂറിസം മന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാൽ ഇതെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. മന്ത്രിയും സർക്കാരും പറയുന്നതുപോലെ കേരളത്തിൽ സി പ്ലെയിൻ പദ്ധതി നടപ്പിലാക്കുവാൻ കഴിയണമെങ്കിൽ കേന്ദ്രസർക്കാരിൻറെ വിവിധ വകുപ്പുകളിൽ നിന്നും പലതരത്തിലുള്ള അനുമതികൾ കിട്ടേണ്ടതുണ്ട്. കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റിന്റെ ഉൾപ്പെടെ ഏതാണ്ട് പത്തിലധികം നിയമപരമായ അനുമതികൾ ലഭിച്ചാൽ മാത്രമാണ് ജലവിമാന സർവീസ് ആരംഭിക്കുവാൻ കഴിയുക. ഇത്തരത്തിലുള്ള ഒരു അനുമതിക്കും വേണ്ടി കേരളത്തിൽ നിന്നും സർക്കാർ അപേക്ഷ പോലും നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. മാത്രവുമല്ല പദ്ധതി പ്രകാരം കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ജലവിമാന സർവീസ് നടത്തുന്നതിന് ഒരു സ്വകാര്യ ഏജൻസിയും ഇതുവരെ സർക്കാരിനെ സമീപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
കേരളത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന അവസരത്തിൽ നടത്തിയ വ്യവസായ സംരംഭകരുടെ ആഗോളമീറ്റിൽ വിദേശ മലയാളികൾ സമർപ്പിച്ച പദ്ധതി അംഗീകരിച്ചു കൊണ്ടാണ് അന്ന് ജലവിമാന സർവീസിന് സർക്കാർ ശ്രമങ്ങൾ നടത്തിയത്. ഇപ്പോൾ അത്തരത്തിൽ ഒരു സ്വകാര്യ സംരംഭകനും ജലവിമാന സർവീസ് പദ്ധതിയുമായി രംഗത്ത് വന്നിട്ടില്ല. മാത്രവുമല്ല ഉമ്മൻചാണ്ടിയുടെ കാലത്ത് ആവിഷ്കരിച്ച ജല വിമാന സർവീസ് പദ്ധതിയിൽ വാട്ടർ എയർ ഡ്രോമകളുടെ നിർമാണമടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നത് സർവീസ് ആരംഭിക്കുന്ന സ്വകാര്യ കമ്പനികൾ നടത്തണം എന്ന നിബന്ധന ആയിരുന്നു. ഇപ്പോൾ അത്തരത്തിലൊരു പദ്ധതിയുടെ ആവിഷ്കാരം ഉണ്ടായിട്ടില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് ആവിഷ്കരിച്ച സീപ്ലെയിൻ പദ്ധതി പ്രകാരം സർവീസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർവീസ് ഓപ്പറേറ്റർമാർ സ്വയം നിർവഹിക്കണം എന്നതായിരുന്നു വ്യവസ്ഥ. അന്ന് കേരളത്തിൽ ഇത്തരത്തിൽ ടൂറിസവുമായി ബന്ധപ്പെടുത്തി സീപ്ലെയിൻ പദ്ധതി നടത്തുന്നതിന് അഞ്ചോളം സ്വകാര്യ കമ്പനികൾ കടന്നുവന്നിരുന്നു എന്നും റിപ്പോർട്ടുണ്ട്.
ഇത്തരത്തിൽ സംസ്ഥാന സർക്കാരിന് യാതൊരു ബാധ്യതയും ഇല്ലാതെ വിവിധതരത്തിലുള്ള സർക്കാർ അനുമതികളെല്ലാം ലഭ്യമാക്കിക്കൊണ്ട് യുഡിഎഫ് സർക്കാരിൻറെ കാലത്ത് ആവിഷ്കരിച്ച ജലവിമാന പദ്ധതിയെ വെറും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റ് സംഘടനകൾ എതിർക്കുകയാണ് ചെയ്തിരുന്നത്. അന്ന് സമര രംഗത്ത് നിലയുറപ്പിച്ച സിപിഎം മാത്രമല്ല സിപിഐയുടെ സംഘടനകളും പദ്ധതിക്കെതിരെ അടിസ്ഥാനരഹിതമായ നിരവധി പരാതികളാണ് ഉയർത്തിയിരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ സാധ്യതകൾ ഉള്ള ടൂറിസം വികസനം എന്ന ലക്ഷ്യത്തിന് തുരങ്കം വച്ച് അതേരാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇപ്പോൾ കൊട്ടിഘോഷിച്ചു കൊണ്ട് സീപ്ലെയിൻ പദ്ധതിയുമായി കടന്നുവന്നിരിക്കുന്നത്. എന്നാൽ ഇപ്പോൾ ടൂറിസം മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപ്ലയിൻ പദ്ധതി വെറും വാക്കുകളിൽ ഒതുങ്ങുന്നത് മാത്രമാണെന്നും പദ്ധതി ആരംഭിക്കുന്നതിന് ഒരു അനുമതിയും ഇതേവരെ ലഭിച്ചിട്ടില്ല എന്നതും ഗൗരവമുള്ള കാര്യമാണ്. ഒരു സർക്കാർ നേരിട്ടു തന്നെ വിമാന കമ്പനികളുടെ തട്ടിപ്പ് ഏർപ്പാടുകൾക്ക് കൂട്ടുനിൽക്കുകയും വിമാനത്തിൻറെ വില്പന ലക്ഷ്യമാക്കി നടത്തിയ ഡെമോൺസ്ട്രേഷൻ പരിപാടി പദ്ധതിയുടെ പരീക്ഷണ പ്രവർത്തനമാണ് എന്ന് പറയുകയും ചെയ്ത മന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്നതിന് തുല്യമായ ഒന്നാണ് എന്ന കാര്യം ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.