ജയിച്ചാലും മാങ്കൂട്ടത്തിൽ കുടുങ്ങുമോ?

വ്യാജ വോട്ടർ കാർഡ് കേസിൽ കുടുക്കാൻ ബിജെപി നീക്കം

പാലക്കാട് നിയമസഭ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. മാത്രവുമല്ല കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ് രാഹുൽ. തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം ആണ് നടക്കുന്നത് എങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ അവിടെ വിജയിക്കും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. രാഹുലിനെ എതിർക്കുന്ന ഇടതുമുന്നണിയുടെ സ്ഥാനാർഥി കോൺഗ്രസിൽ നിന്നും മറുകണ്ടം ചാടിയ ആൾ എന്ന നിലയ്ക്ക് വോട്ടർമാർക്ക് ഇടയിൽ പ്രതിഷേധം നിലനിൽക്കുന്നത് രാഹുലിന് ഗുണം ചെയ്യും എന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല ഇവിടെ ബിജെപിക്ക് വലിയ ശക്തിയുള്ള മണ്ഡലം ആണെങ്കിലും ഈ പാർട്ടിയുടെ ഉള്ളിൽ നേതാക്കന്മാർ തമ്മിലും പ്രവർത്തകർ തമ്മിലും വലിയ ഭിന്നതകൾ നിലനിൽക്കുകയാണ്. രണ്ടു ദിവസം മുൻപാണ് പാലക്കാട് മണ്ഡലത്തിൽ നിന്നുമുള്ള മുതിർന്ന നേതാവ് സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിനൊപ്പം ചേർന്നത്. അതുകൊണ്ടുതന്നെ ബിജെപിയുടെ സ്ഥാനാർത്ഥിയുടെ വിജയത്തിൻറെ കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. അങ്ങനെ ഈ മണ്ഡലത്തിൽ ഏറെ വിജയസാധ്യത ഉറപ്പായിട്ടുള്ള കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചാലും അദ്ദേഹം വലിയ പ്രതിസന്ധിയിലേക്ക് കടക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഒന്നരവർഷം മുൻപ് കേരളത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിൽ വോട്ടർ ഐഡി കാർഡ് വ്യാജമായി നിർമ്മിച്ച് വലിയതോതിൽ കള്ളവോട്ട് ചെയ്തു എന്ന വിഷയത്തിന്മേൽ യൂത്ത് കോൺഗ്രസിന്റെ തന്നെ നേതാക്കന്മാർ പോലീസിൽ പരാതി നൽകിയത് കേസ് ആയി മാറി നിലനിൽക്കുകയാണ്. വിഷയം ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്. ഈ കേസിൽ വിശദമായ അന്വേഷണങ്ങളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കുകയാണ്.പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുലിന്റെ വിജയത്തിനു വേണ്ടി കോൺഗ്രസിന്റെ നേതാക്കൾ വലിയ അണിയറ നീക്കങ്ങൾ നടത്തി എന്നതിൽ ബിജെപിക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. ബിജെപി എന്ന പാർട്ടിയുടെ കേരളത്തിലെ ശക്തനായ വക്താവ് ആയിരുന്നു സന്ദീപ് വാര്യർ. അത്തരത്തിൽ ജനങ്ങൾക്ക് മുന്നിൽ ചാനൽ ചർച്ചകളിലൂടെ എന്നും തെളിഞ്ഞു നിന്നിരുന്ന ഒരു നേതാവിനെ സ്വന്തം ചാക്കിലാക്കി പാർട്ടിയിൽ നിന്നും കോൺഗ്രസിൽ എത്തിച്ചത് കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢ നീക്കങ്ങളുടെ ഫലമാണ് എന്ന് ബിജെപി നേതാക്കൾ വിലയിരുത്തുന്നുണ്ട്. ഈ പ്രശ്നം ബിജെപി എന്ന പാർട്ടിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. പ്രവർത്തകരിലും നേതാക്കളിലും ഈ സംഭവം വലിയ അമർഷമാണ് ഉയർത്തിയിരിക്കുന്നത്. സന്ദീപ് വാര്യർ പാർട്ടിയിലെ തനിക്കെതിരെയുള്ള നീക്കങ്ങൾ തുറന്നു പറഞ്ഞപ്പോൾ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് പോലും ഈ കാര്യത്തിൽ ഇടപെട്ടില്ല. എന്നും ചർച്ച നടത്തി പരിഹരിക്കേണ്ട പ്രശ്നം ആളിക്കത്തിച്ച് സന്ദീപ് വാര്യരെ പാർട്ടിയിൽ നിന്നും രാജിവെക്കുന്നതിന് പ്രേരിപ്പിക്കുകയാണ് നേതാക്കൾ ചെയ്തത് എന്നും ഉള്ള വിമർശനങ്ങളാണ് പ്രവർത്തകരിൽ നിന്നും ഉയരുന്നത്.

എന്തായാലും ബിജെപി എന്ന പാർട്ടിയിൽ നിന്നും സന്ദീപ് വാര്യർ പുറത്തുപോയത് കേരളത്തിലെ ബിജെപി നേതാക്കളുടെ കഴിവുകേടുകൊണ്ടാണ് എന്ന വിമർശനമാണ് ശക്തമായിരിക്കുന്നത്.സന്ദീപ് വാര്യർ വിഷയത്തിലൂടെ ബിജെപിക്ക് അകത്ത് ഉയർന്നിട്ടുള്ള അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് പാർട്ടി പ്രസിഡൻറ് സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ കണ്ടുപിടിച്ച പുതിയ മാർഗ്ഗമാണ് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പേരിൽ ഉയർന്നിട്ടുള്ള ഇലക്ഷൻ കമ്മീഷന്റെ വ്യാജ ഐഡി കാർഡ് നിർമ്മാണ കേസ്. ഈ കേസ് ഇലക്ഷൻ കമ്മീഷൻ വഴി ശക്തമാക്കി മാറ്റുന്നതിനും കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിയാക്കി കേസ് ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനും കേരള നേതാക്കൾ കേന്ദ്ര നേതാക്കളിൽ സമ്മർദ്ദം ചെലുത്തിയതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഈ കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണത്തിന് നീക്കം തുടങ്ങിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ നിന്നും വോട്ടർമാരുടെ ഐഡി രേഖകൾ ഡൗൺലോഡ് ചെയ്ത് കൃത്രിമമായി ഐഡി കാർഡുകൾ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയും വ്യാപകമായി കള്ളവോട്ട് ചെയ്യുകയും ചെയ്തു എന്നാണ് നിലവിൽ ഉയർന്നിട്ടുള്ള പരാതി. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കൂടാതെ മറ്റു രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതികളാണ്.

വ്യാജ ഐഡി കാർഡുകൾ നിർമ്മിക്കുന്നതിന് നേതൃത്വം കൊടുത്ത ഫെനി നൈനാൻ എന്ന ഇടതു കോൺഗ്രസ് നേതാവും പ്രതിയാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒരു പി എ എന്ന നിലയ്ക്ക് എപ്പോഴും ഒപ്പമുള്ള ആളാണ് ഈ പറയുന്ന യൂത്ത് കോൺഗ്രസ് നേതാവ്.തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ കേസ് ഗൗരവമായി എടുത്തുകൊണ്ട് മുന്നോട്ട് നീങ്ങിയാൽ വലിയ ശിക്ഷ അനുഭവിക്കേണ്ട സ്ഥിതിയിലേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എത്തിച്ചേരും. രണ്ടു വർഷത്തിലധികം നീളുന്ന ജയിൽ ശിക്ഷ വിധിച്ചാൽ സ്വാഭാവികമായും പാലക്കാട് വിജയിച്ച് നിയമസഭയിൽ എത്തിയാലും നിയമസഭാ അംഗത്വം രാജിവെക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചേരും. അതുകൊണ്ട് തന്നെ പാലക്കാട് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചാലും അതിനേക്കാൾ വലിയ ഒരു പരീക്ഷണത്തെ നേരിടേണ്ട ഗതികേടിനു മുന്നിലാണ് കോൺഗ്രസ് സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. ബിജെപിയുടെ ഏറ്റവും ശക്തനായ നേതാവും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഇടപെടൽ നേരിട്ടുതന്നെ ഉറപ്പാക്കികൊണ്ടാണ് കേരളത്തിലെ ബിജെപി നേതാക്കൾ വ്യാജ ഐഡി കാർഡ് നിർമ്മാണ കേസുമായി മുന്നോട്ടുപോകുന്നത്. ഈ പറയുന്ന രീതിയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ ഇടപെടൽ ഉണ്ടായാൽ ഇപ്പോൾ തന്നെ പല തെരഞ്ഞെടുപ്പ് കേസുകളിലും കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ നിലപാടുകൾ കൈക്കൊള്ളുവാനാണ് സാധ്യത. ഈ സാധ്യത മുതലെടുക്കാനുള്ള നീക്കങ്ങളിലാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രനും മറ്റു നേതാക്കളും നീങ്ങിക്കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ ഒരു നീക്കത്തിന് സുരേന്ദ്രനെയും മറ്റു നേതാക്കളെയും പ്രേരിപ്പിച്ചത് യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനിന്നോടുള്ള വിരോധം എന്നതിനേക്കാൾ ഉപരി, കോൺഗ്രസ് നേതാക്കൾ ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യരെ ചാക്കിട്ട് പിടിച്ചതിന്റെ പ്രതിഷേധം കൂടി ആണ്. അടങ്ങാത്ത പകയും ആയിട്ടാണ് കേരള നേതാക്കൾ ബിജെപി കാരനായിരുന്ന സന്ദീപ് വാര്യർക്ക് നേരെ നീങ്ങിക്കൊണ്ടിരിക്കുന്നത്. രാഹുലിന് വലിയ പ്രതിസന്ധി ഉണ്ടാക്കി ഒപ്പം കൂടിയ സന്ദീപ് വാര്യർക്ക് ശിക്ഷ നൽകുന്ന ഒരു ഏർപ്പാടാണ് ഇപ്പോൾ കേരള ബിജെപി നേതാക്കൾ സ്വീകരിച്ചിരിക്കുന്നത് എന്നതാണ് വാസ്തവം.