ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ ഒരു മലയാളി കൂടി

ഇറാനിയന്‍ നേവി പിടികൂടിയ കപ്പലില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം. വൈപ്പിന്‍ സ്വദേശി സാം സോമന്റ ബന്ധുക്കള്‍ക്കാണ് ഷിപ്പിങ് കമ്പനിയില്‍ നിന്നും വിവരം ലഭിച്ചത്. ഭര്‍ത്താവ് സുരക്ഷിതനാണോ എന്ന് പോലും അറിയില്ലെന്ന് സാമിന്റ ഭാര്യ സൂസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ മൂന്ന് മലയാളികള്‍ ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസമാണ് സാം ജോലി ചെയ്യുന്ന ഷിപ്പിങ്ങ് കമ്പനിയില്‍ നിന്നും ഇറാനിയന്‍ നേവിയുടെ കസ്റ്റഡിയിലാണെന്ന് ഭാര്യ സൂസന് വിവരം ലഭിക്കുന്നത്. പിടിയിലാകുന്നതിന്റെ അന്ന് രാവിലെ പോലും സാം വിളിച്ചിരുന്നുവെന്ന് സൂസന്‍ വ്യക്തമാക്കി. എല്ലാ ദിവസവും ഷിപ്പിങ്ങ് കമ്പനിയില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും പക്ഷെ കപ്പലിലുള്ളവര്‍ സുരക്ഷിതരാണോ എന്ന ചോദ്യത്തിന് അവര്‍ക്ക് വ്യക്തമായ ഉത്തരമില്ലെന്നും കുടുംബം പറയുന്നു