ചൊവ്വയിൽ ആദ്യം കാലുകുത്തുക സ്ത്രീകൾ, കാരണമെന്ത്?
ഇതുവരെ ചന്ദ്രനില്‍ ഇറങ്ങിയവരെല്ലാം പുരുഷന്മാരായിരുന്നു. എന്നാല്‍ ആദ്യം ചൊവ്വയില്‍ ഇറങ്ങാന്‍ സാധ്യത കൂടുതല്‍ പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ്. സ്ത്രീകള്‍ മാത്രമുള്ള സംഘത്തെ ചൊവ്വയിലേക്ക് ആദ്യം അയച്ചാല്‍ പോലും അദ്ഭുതപ്പെടേണ്ടതില്ല. ശാസ്ത്രലോകം എടുക്കാന്‍ സാധ്യതയുള്ള അങ്ങനെയൊരു തീരുമാനത്തിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുമുണ്ട്.1950കള്‍ മുതല്‍ തന്നെ ഇങ്ങനെയൊരു ചിന്ത സജീവമായിരുന്നുവെന്നതാണ് മറ്റൊരു സത്യം. നാസ ലൈഫ് സയന്‍സസ് സ്പെഷല്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന ഡോ. ഡബ്ല്യു റാന്‍ഡോള്‍ഫ് ലൗലേസ് II, ഉപ അധ്യക്ഷനായിരുന്ന ബ്രിഗേഡിയര്‍ ജനറല്‍ ഡൊണ്‍ ഡി ഫ്ളിക്കിന്ജര് എന്നിവരായിരുന്നു ആദ്യം സ്ത്രീകള്‍ക്കു വേണ്ടി വാദിച്ചത്. സ്ത്രീകള്‍ക്ക് താരതമ്യേന ശരീര ഭാരം കുറവാണ്, ആവശ്യമായ ഓക്സിജനും കുറവുമതി, പുരുഷന്മാരെ അപേക്ഷിച്ച് ഹൃദയാഘാത നിരക്ക് കുറവാണ്, സ്ത്രീകളുടെ ജനനേന്ദ്രിയ വ്യൂഹം കൂടുതല്‍ ഫലപ്രദമായി റേഡിയേഷനെ നേരിടും എന്നിങ്ങനെ എണ്ണം പറഞ്ഞ പല കാരണങ്ങളും ഇവര്‍ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന കാലത്തെ പുരുഷ മേധാവിത്വ ചിന്തകള്‍ക്ക് ഈ നിര്‍ദേശങ്ങളുടെ വില മനസ്സിലാക്കാന്‍ സാധിച്ചില്ല.പിന്നീട് 2000ല്‍ നാസ ശാസ്ത്രജ്ഞനായ ജിയോഫ്രേ ലാന്‍ഡിസ് അന്യഗ്രഹ ദൗത്യങ്ങള്‍ക്ക് പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്കാണ് അനുകൂലഘടകങ്ങളെന്ന ആശയം പൊടിതട്ടിയെടുത്തു. അടുത്തിടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ സ്പേസ് മെഡിസിന് ടീം നടത്തിയ വിശദമായ പഠനങ്ങളും വനിതാ ബഹിരാകാശ യാത്രികര്‍ക്കുള്ള മുന്‍തൂക്കം എടുത്തു കാണിക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ബഹിരാകാശ യാത്രികര്‍ക്ക് ശരാശരി 26% കുറവ് ഊര്‍ജവും 29% കുറവ് ഓക്സിജനും 18% കുറവ് വെള്ളവും മാത്രമാണ് വേണ്ടി വരുന്നത്. ഇത് ചൊവ്വാ ദൗത്യം പോലുള്ള ദീര്‍ഘകാല ബഹിരാകാശ യാത്രകളില്‍ വളരെ വലിയ മാറ്റങ്ങള്‍ക്കിടയാക്കുന്ന കണക്കാണ്. 1,080 ദിവസം നീളുന്ന നാലു സ്ത്രീകളടങ്ങുന്ന സംഘത്തിന് പുരുഷ സംഘത്തെ അപേക്ഷിച്ച് 1,695 കിലോഗ്രാം കുറവു ഭക്ഷണം മാത്രമാണ് വേണ്ടിവരിക. സ്പേസ് എക്സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് ചൊവ്വയിലേക്ക് അയക്കുന്ന ചരക്കിന്റെ പത്തു ശതമാനം വരുമിത്. ഇത്രയും സ്ഥലം അധികം ലഭിച്ചാല്‍ കൂടുതല്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുകയും ചെയ്യും.
മനശാസ്ത്രപരമായ കാരണങ്ങള്‍ പോലും സ്ത്രീകള്‍ക്ക് അനുയോജ്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലൂടെ പരിഹരിക്കുന്ന രീതി സ്ത്രീകളില്‍ കുറവാണ്. മനുഷ്യന്റെ ആദ്യ ചൊവ്വാ ദൗത്യത്തിന്റെ ഭാഗമാവുന്ന സഞ്ചാരികള്‍ക്ക് രണ്ടു മുതല്‍ മൂന്നു വര്‍ഷങ്ങള്‍ വളരെ ഇടുങ്ങിയ സ്ഥലത്ത് കഴിഞ്ഞു കൂടേണ്ടതുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടൊക്കെ 2029ല്‍ സംഭവിക്കാനിടയുള്ള ആദ്യ ചൊവ്വാ ദൗത്യത്തിന് സ്ത്രീകള്‍ മാത്രം മതിയെന്ന അഭിപ്രായത്തിന് ശാസ്ത്രലോകത്തില്‍ പിന്തുണ വര്‍ധിക്കുന്നുണ്ട്.