മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം

അജ്‍മാന്‍: അജ്‍മാനില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. രാത്രി 12 മണിയോടെയാണ് അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2ല്‍ തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ്, പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടങ്ങുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്‍തു..

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 30 നിലകളുള്ള കെട്ടിടത്തിലെ തീ പൂര്‍ണമായി കെടുത്താന്‍ സാധിച്ചതായി അജ്‍മാന്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് താത്കാലിക പൊലീസ് സ്റ്റേഷന്‍ തുറന്നായി അജ്‍മാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഓപ്പറേഷന്‍സ് ബ്രിഗേഡിയര്‍ അബ്‍ദുല്ല സൈഫ് അല്‍ മസ്‍ത്റൂഷി പറഞ്ഞു. തീപിടിച്ച കെട്ടിടത്തിലെ താമസക്കാര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനും നഷ്ടമായ സാധനങ്ങളെക്കുറിച്ച് താമസക്കാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും വേണ്ടിയാണ് മൊബൈല്‍ പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് സുരക്ഷയൊരുക്കാനും ഈ പൊലീസ് സ്റ്റേഷന്‍ സഹായകമായി. തീപിടിച്ച കെട്ടിടത്തിലെ താമസക്കാരെ അജ്‍മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്ക് മാറ്റി. ഇതിനായി അജ്‍മാന്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയും റെഡ് ക്രസന്റും ഏഴ് ബസുകള്‍ സജ്ജമാക്കിയിരുന്നു. തീപിടുത്തമുണ്ടായ സമയത്ത് സമീപത്തെ കെട്ടിടങ്ങളില്‍ താമസിച്ചിരുന്നവരെയും അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. അജ്‍മാന്‍ വണ്‍ കോംപ്ലക്സ് ടവര്‍ 2ല്‍ മലയാളികളുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് താമസിച്ചിരുന്നത്.