സൈബര്‍ ആക്രമണത്തെ തു‍ടര്‍ന്ന് ആതിരയുടെ ആത്മഹത്യ ;പ്രതി അരുൺ വിദ്യാധരൻ തൂങ്ങിമരിച്ച നിലയിൽ.

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ സൈബ‍ർ ആക്രമണത്തെ തുട‌ർന്നു ആതിര ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കോതനല്ലൂർ സ്വദേശിയായ അരുൺ വിദ്യാധരനെ (32) ആണ് കാസർകോട് കാഞ്ഞങ്ങാട്ടെ നോർത്ത് കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം രണ്ടാം തീയതിയാണ് അരുൺ ലോഡ്ജിൽ മുറിയെടുത്തത്. ഭക്ഷണം കഴിക്കാൻ മാത്രമാണ് അരുൺ പുറത്തിറങ്ങിയിരുന്നത്. അരുൺ ഇന്നലെ രാത്രി മദ്യപിച്ചിരുന്നുവെന്നു ലോഡ്ജ് ജീവനക്കാർ പറഞ്ഞു. ഇന്നു രാവിലെ മുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ആതിര ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ഇയാളെന്നു വ്യക്തമായത്. രാജേഷ് കുമാ‍ർ എന്ന പേരിലാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നത്. ബുധനാഴ്ച കോട്ടയം ജില്ലാ പോലീസ് മേധാവി പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുഹൃത്തായ അരുണിൻ്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോതനല്ലൂർ സ്വദേശിയായ വി എം ആതിര (26) ആത്മഹത്യ ചെയ്തത്.

കോട്ടയത്തെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ആതിരയും കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരനും നേരത്തേ സൗഹൃദത്തിലായിരുന്നു. അരുണിനെക്കുറിച്ച് കൂടുതൽ അറിഞ്ഞതോടെ ആതിര രണ്ടുവർഷം മുമ്പ് ഇയാളുമായി അകന്നതായി ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ആതിരക്ക് വിവാഹാലോചനകൾ വന്നിരുന്നു. ഞായറാഴ്ച ഒരു വിവാഹ ആലോചന വരുകയും അവർ ഇഷ്ടപ്പെട്ട് പോകുകയും ചെയ്തു. തുടർന്നാണ് അരുൺ ആതിരക്കൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്തത്.