ശിവശങ്കർ സ്ഥാനമേറ്റ ശേഷം അഴിമതിയുടെ അക്ഷയ ഖനിയായി ഐ ടി വകുപ്പ് ; ആരോപണങ്ങൾ കടുപ്പിച്ച് രമേശ് ചെന്നിത്തല
കൊച്ചി: കേരള സർക്കാരിന്റെ ഐടി സെക്രട്ടറിയായി എം ശിവശങ്കർ സ്ഥാനമേറ്റ ശേഷം അഴിമതിയുടെ അക്ഷയ ഖനിയായി ഐ ടി വകുപ്പ് മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിവാദത്തിൽ പുറത്തുകൊണ്ടുവന്ന തെളിവുകളൊന്ന് പോലും നിഷേധിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല, പ്രതിരോധിക്കാൻ പാർട്ടിക്കും സാധിച്ചിട്ടില്ല. അല്ലെങ്കിൽ ആരോപണങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാൻ തയ്യാറാകണം. 2018 മുതൽ തുടർച്ചയായ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ‘എന്ത് അഴിമതിയും നടത്താൻ വെെഭവമുളള സർക്കാരാണ് ഇത്. ഐടി , വ്യവസായ വകുപ്പുകളിൽ 2018ന് ശേഷം നടന്ന എല്ലാ ഇടപാടുകളിലും സമഗ്രാന്വേഷണം വേണം. പ്രസാഡിയോക്കാണ് കേരളത്തിലെ എല്ലാ വർക്കുകളും ലഭിക്കുന്നത്. സേഫ് കേരള പദ്ധതിയുടെ ടെൻഡർ നടപടി നടക്കുമ്പോൾ തന്നെ എസ്ആർഐടിയും അശോകയും തമ്മിൽ ഇടപാടുണ്ടായിരുന്നു, ഇതിന്റെ രേഖ പുറത്തുവിടുന്നു,’ ചെന്നിത്തല ആരോപിച്ചു. കെ ഫോണിലും ഇവരുണ്ട്. കെ ഫോണിൽ ആദ്യ കരാറിൽ മെയിന്റനൻസ് ഉൾപ്പെട്ടിട്ടും വീണ്ടും മെയിന്റനൻസിന് വേണ്ടി പ്രത്യേകം കരാർ ഉണ്ടാക്കി. കെ ഫോൺ കരാർ നേടിയ എസ്ആർഐടി 313 കോടിയുടെ ഉപകരാർ 2019ൽ അശോകയ്ക്ക് നൽകി. അശോക പിന്നാലെ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ കമ്പനിയായ പ്രസാഡിയോയ്ക്ക് ഉപകരാർ നൽകിയെന്നും ചെന്നിത്തല പറഞ്ഞു.