യുവാവിനെ വശീകരിച്ച്‌ ലോഡ്ജിലെത്തിച്ചു; മയക്കുമരുന്ന് നല്‍കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു

തിരുവനന്തപുരം: യുവാവിനെ വശീകരിച്ച്‌ സ്വര്‍ണവും പണവും തട്ടിയ പ്രതികള്‍ പൊലീസിന്റെ പിടിയിലായി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി സിന്ധു (34), വള്ളക്കടവ് പുതുവല്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹാജ (29) എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടില്‍ നിന്നാണ് ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. യുവാവിനെ വശീകരിച്ച്‌ ലോഡ്ജിലെത്തിച്ച്‌ മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു സംഘം സ്വര്‍ണവും പണവും തട്ടിയെടുത്തത്.

കഴിഞ്ഞ 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം. പണവും അഞ്ചുപവന്റെ മാലയും ഒന്നരപ്പവന്റെ മോതിരവുമാണ് കവര്‍ന്നത്. കിഴക്കേക്കോട്ട ഭാഗത്തുനിന്ന് വെട്ടുകാട് സ്വദേശിയായ യുവാവിനെ മെഡിക്കല്‍ കോളേജിനു സമീപത്തുള്ള ലോഡ്ജില്‍ എത്തിച്ചശേഷം പാനീയത്തില്‍ മയക്കുമരുന്നു നല്കി മയക്കിയശേഷമായിരുന്നു കവര്‍ച്ച.

പ്രതികളെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടില്‍നിന്നു പിടികൂടുകയായിരുന്നു. നാഗര്‍കോവിലിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു.

വശീകരിച്ച്‌ ലോഡ്ജ് മുറികളില്‍ എത്തിച്ച്‌ ഗുളികകള്‍ നല്‍കി മയക്കി പണവും സ്വര്‍ണവും അപഹരിക്കുന്നതാണ് ഇവരുടെ രീതി. പലരും പരാതി നല്‍കാറില്ല. ഇന്‍സ്‌പെക്ടര്‍ പി.ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ പ്രശാന്ത് സി.പി. പ്രിയ, ലഞ്ചു ലാല്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.