വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം
വിഴിഞ്ഞം: ടൗണ്‍ഷിപ്പില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം. സെയില്‍സ്മാനെ കഴുത്തില്‍ കുത്തി, മറ്റൊരാളെ കല്ലുകൊണ്ട് എറിഞ്ഞു, ബൈക്ക് യാത്രികനായ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ബൈക്ക് തട്ടിയെടുത്തു.
സംഭവത്തില്‍ ടൗണ്‍ഷിപ് സ്വദേശി ഖബീബ് ഖാൻ (28) അറസ്റ്റില്‍. ഉച്ചയോടെയാണ് സംഭവം.
ടൗണ്‍ഷിപ്പില്‍ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്ന കാരോട് സ്വദേശി ജഗദീഷിന്റെ (34) കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ‘നീ വിഴിഞ്ഞം പൊലീസ് എസ്.ഐ വിനോദിന്റെ അനുജനാണോ? അതുപോലെയുണ്ടല്ലോ എന്ന് പറഞ്ഞാണ് ജഗദീഷിനെ കുത്തിയത്.
തുടര്‍ന്ന് ആക്രമി സമീപത്തെ ക്ഷേത്രത്തിന്റെ സി.സി ടി.വി കാമറകള്‍ എറിഞ്ഞ് തകര്‍ത്തു. ഇതറിഞ്ഞ് എത്തിയ ക്ഷേത്രഭാരവാഹിയായ വിഴിഞ്ഞം ആശുപത്രിക്ക് സമീപം സാരഥിയില്‍ താമസിക്കുന്ന ശിവൻകുട്ടിയെ (43) തലക്ക് ചുടുകല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്പിച്ചു. തുടര്‍ന്ന് ഇയാളുടെ ബൈക്കുമായി പോയി.
സംഭവമറിഞ്ഞ് എത്തിയ വിഴിഞ്ഞം എസ്.ഐ ജി. വിനോദിന്റെ നേതൃത്വത്തില്‍ പ്രതിയുടെ ഒളിത്താവളം വളഞ്ഞ് ഓടിച്ചിട്ട് മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.