നാലംഗ സംഘം സ്വകാര്യബസ് എറിഞ്ഞുതകര്‍ത്തു

തൊടുപുഴ: സര്‍വീസ് നടത്തുന്നതിനിടെ സ്വകാര്യബസ് നാലംഗ സംഘം കല്ലെറിഞ്ഞു തകര്‍ത്തു. ബസ് തടഞ്ഞുനിര്‍ത്തിയാണ് സംഘം മുൻവശത്തെ ചില്ല് എറിഞ്ഞു തകര്‍ത്തത്.

ബസ് ഉടമയുടെ പരാതിയില്‍ നാലു പേര്‍ക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു.

തൊടുപുഴ-ഈസ്റ്റ് കലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്‍റ് സെബാസ്റ്റ്യൻ ബസിനു നേരെയാണ് വ്യാഴാഴ്ച വൈകുന്നേരം 6.15ഓടെ അക്രമം നടന്നത്.

കണ്ണൻ, രോഹിത് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഈ ബസില്‍ പതിവായി യാത്ര ചെയ്തിരുന്നവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം. അക്രമം നടത്തിയ സമയം ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം. അക്രമികള്‍ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും തൊടുപുഴ പോലീസ് അറിയിച്ചു.