കഴക്കൂട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍.

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്തവരെ ആക്രമിച്ച പ്രതികള്‍ പിടിയില്‍. പുത്തൻതോപ്പ് സ്വദേശികളായ രാജേഷ്, കഴക്കൂട്ടം സ്വദേശി പ്രശാന്ത്, അരുവിക്കര സ്വദേശി ഉണ്ണികൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ പതിനേഴാം തീയതി രാത്രി 8:30 ഓടെയാണ് സംഭവം. കഴക്കൂട്ടം അംബേദ്കര്‍ നഗര്‍ സ്വദേശികളായ അഭിലാഷ്, രാജേഷ്, രാഹുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അന്നേദിവസം വൈകുന്നേരം അംബേദ്കര്‍ നഗറില്‍ എത്തിയ രണ്ട് യുവാക്കളും വെട്ടേറ്റ മൂന്നുപേരും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.

സ്ഥലത്ത് കഞ്ചാവ് വില്‍ക്കുന്നത് അവസാനിപ്പിക്കണമെന്ന് വെട്ടേറ്റ അഭിലാഷും രാജേഷും രാഹുലും യുവാക്കളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി ആയുധങ്ങളുമായി എത്തിയ അക്രമി സംഘം വീടിനു സമീപം നിന്ന രാജേഷിനെയും അഭിലാഷിനെയും രാഹുലിനെയും വെട്ടുകയായിരുന്നു.

വെട്ടേറ്റ അഭിലാഷിന്റെ ഓട്ടോയും പ്രതികള്‍ ബോംബ് എറിഞ്ഞുതകര്‍ത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമി സംഘത്തിലെ മൂന്നുപേര്‍ പിടിയിലായത്.

പ്രധാന പ്രതി കാള രാജേഷ് എന്നറിയപ്പെടുന്ന രാജേഷിന് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 24 ഓളം കേസുകളുണ്ട്.