ഗൂഗിള്‍ പേ വഴി പണം വാങ്ങി ലഹരിമരുന്ന് വില്പന: രണ്ടുപേര്‍ അറസ്റ്റില്‍
ഗൂഗിള്‍ പേ വഴി പണം വാങ്ങി വൻതോതില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ വില്‍ക്കുന്ന രണ്ടുപേര്‍ പൊലീസ് പിടിയില്‍.
ശനിയാഴ്ച രാത്രി ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. ചെമ്ബേരിയില്‍ ലഹരിമരുന്ന് നല്കി തിരികെ വരുന്നതിനിടെയാണ് കെ.എല്‍ 59 ടി. 2424 കാറുമായി പിടിയിലായത്. 14.06 ഗ്രം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഏറെക്കാലമായി ജില്ലയിലെ മലയോര മേഖലയിലടക്കം വ്യാപകമായി ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ശ്രീകണ്ഠപുരം അടുക്കത്തെ വടക്കേപറമ്ബില് സജു (44), ചെങ്ങളായി ചേരൻകുന്നിലെ പുതിയപുരയില്‍ മുഹമ്മദ് ഷഹല്‍ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്തിന്റെ നേതൃത്വത്തില്‍ ആണ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഇരുവരും ഡ്രൈവര്‍മാരാണ്.