ബാല്യം പണയംവെച്ച ബാല്യങ്ങൾ

കുഞ്ഞുങ്ങളേയും നിയന്ത്രിക്കുന്നത് ലഹരിയാണോ?

ത്ര നിർഭയമായി അധ്യാപകന്റെ മുഖത്തുനോക്കി കൊന്നുകളയും എന്നാക്രോശിച്ച വിദ്യാർത്ഥിയുടെ വീഡിയോ എല്ലാ ചാനലുകളിലും വാർത്തയായിട്ടും വിദ്യാഭ്യാസ വകുപ്പും നിയമസംവിധാനങ്ങളും ഇക്കാര്യത്തിൽ ഇടപെട്ടതായി ഈ സമയം വരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അടിയന്തരമായി ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം. ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇങ്ങനെയൊക്കെ പറഞ്ഞാലും ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്ന പാഠമാണ് പുതുതലമുറക്ക് ലഭിക്കുന്നത്. ഇതൊരു തുടർക്കഥയാകും.
ഇവർ പറയുക മാത്രമല്ല, പറഞ്ഞതുപോലെ ചെയ്യുമെന്നത് കൂടാതെ വേണമെങ്കിൽ കൊല്ലുന്ന ദൃശ്യം മറ്റൊരുത്തൻ വീഡിയോ എടുത്ത് ഷോട്ട്സും റീൽസും ആക്കി സ്റ്റാറ്റസ് ആക്കാനും മടിക്കില്ല.അതിൻ്റെ താഴെ പൊളിച്ചു… ബ്രോ.. ഹായ് ഗയ്സ്…. എന്നിങ്ങനെ കമൻ്റ് അടിക്കുന്നവരെയും കാണാൻ കഴിഞ്ഞേക്കാം.
കഴിഞ്ഞ ദിവസമല്ലേ സ്വന്തം മാതാവിനെ വാക്കത്തി കൊണ്ട് ഒരുത്തൻ വെട്ടിക്കൊലപ്പെടുത്തിയത്? ഈ നിമിഷം വരെയും അവനതിൽ യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായിട്ടില്ല. പോലീസ് കൊണ്ടുപോകുമ്പോൾ അവന്റെ ബോഡി ലാംഗ്വേജ് ചാനലിൽ നാം കണ്ടതാണല്ലോ..

ഇവരെയൊക്കെ നിയന്ത്രിക്കുന്നത് ലഹരിയല്ലാതെ മറ്റെന്താണ്?
സ്വന്തം അധ്യാപകന്റെ മുഖത്തുനോക്കി കൊലവിളി നടത്താൻ സ്വബോധമുള്ളവർക്ക് കഴിയുമോ? ഇത്തരക്കാർക്ക് പ്രായപൂർത്തിയായില്ല എന്ന ആനുകൂല്യം പറഞ്ഞു വിഷയത്തെ നിസ്സാരമാക്കുന്നത്- ആരായിരുന്നാലും അവരുടെ നേരെയും സ്വന്തം മക്കൾ കൊലക്കത്തിയുമായി വരുന്ന കാലം അതിവിദൂരമല്ലാതായേക്കാം. അപ്പോൾ എല്ലാവരും കണ്ണ് തുറക്കും. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും. എത്രയും വേഗം ഉണരുന്നുവോ അത്രയും നല്ലത്.
കുട്ടികളുടെ അവകാശം എന്നുപറഞ്ഞ്- എന്തുമാകാം എന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ടന്ന് ഇനിയെങ്കിലും കണ്ണുള്ളവർ കാണണം. കാതുള്ളവർ കേൾക്കണം. ഹൃദയമുള്ളവർ ചിന്തിക്കണം…my body my right എന്ന ആശയം പുതുതലമുറയിൽ കുത്തിവെച്ചവർ ആരൊക്കെയാണോ അവർക്കെല്ലാം ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും പറയേണ്ടിവരുന്നു.