യൂണിയൻ ബജറ്റ് 2023: സാധാരണക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ധനമന്ത്രി

യൂണിയൻ ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ആണ് അവശേഷിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകൾ ബജറ്റിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ പൂർണ ബജറ്റ് അവതരണമാണ് ഇത്.

ഫെബ്രുവരി ഒന്നിന് ലോക്‌സഭയിൽ അവതരിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ ഇടത്തരക്കാർക്ക് പ്രയോജനം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ധനമന്ത്രാലയം പരിഗണിക്കുമെന്നാണ് സൂചന. മധ്യവർഗത്തിന്റെ സമ്മർദങ്ങളെക്കുറിച്ച് തനിക്ക് അറിയാമാമെന്ന ധനമന്ത്രി നിർമല സീതാരാമന്റെ സമീപകാല പ്രസ്താവന വരാനിരിക്കുന്ന ബജറ്റിൽ അവർക്ക് ചില പ്രോത്സാഹനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ ആണ് ഉയർത്തുന്നത്.

“ഞാനും മധ്യവർഗത്തിൽപ്പെട്ടയാളാണ്, അതിനാൽ മധ്യവർഗത്തിന്റെ സമ്മർദ്ദം എനിക്ക് മനസ്സിലാക്കാൻ കഴിയും.” ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ മോദി സർക്കാർ മധ്യവർഗത്തിന്മേൽ പുതിയ നികുതികളൊന്നും ചുമത്തിയിട്ടില്ലെന്നും മന്ത്രി ഓർമിപ്പിച്ചു. 27 നഗരങ്ങളിൽ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുക, ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കുക തുടങ്ങിയ വിവിധ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ജനസംഖ്യ വർധിക്കുന്നതിനാൽ ഇടത്തരക്കാർക്കായി സർക്കാരിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. സർക്കാർ മധ്യവർഗത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. ധനമന്ത്രി വ്യക്തമാക്കി.

ഇളവ് പരിധിയും സ്റ്റാൻഡേർഡ് ഡിഡക്ഷനും കൂടാതെ, ലൈഫ് ഇൻഷുറൻസ്, എഫ്ഡി, ബോണ്ടുകൾ, ഭവനം, പിപിഎഫ് എന്നിവയിലെ നിക്ഷേപം ഉൾപ്പെടുന്ന 80C യുടെ പരിധി വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയും ധനമന്ത്രാലയം പരിശോധിച്ചിട്ടുണ്ട്. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിലേക്കുള്ള പേയ്‌മെന്റും പരിഗണനയിൽ ഉണ്ട്. മൂലധന വിപണിയിൽ നിക്ഷേപം ആരംഭിച്ച മധ്യവർഗ നിക്ഷേപകർക്ക് പ്രയോജനം ചെയ്യുന്നതിനായി സർക്കാർ മൂലധന നേട്ട നികുതി നിയമങ്ങൾ ലളിതമാക്കിയേക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.