അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സിപിഎം എംഎൽഎ മൊബോഷർ അലി ബിജെപിയിൽ ചേർന്നു. കൈലാസഹർമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അലി. കൂടാതെ കോൺഗ്രസിന്റെ മുൻ എംഎൽഎ സുപാൽ ബൗമിക്കും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇവർ അംഗത്വം സ്വീകരിച്ചത്. ഇരുവരും നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപി സ്ഥാനാർഥികളായേക്കും.
മൊബോഷറിന്റെ മണ്ഡലം സിപിഎം ഇത്തവണ കോൺഗ്രസിന് നൽകിയിരുന്നു. ഇതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നും റിപ്പോർട്ടുകളുണ്ട്. തെരഞ്ഞടുപ്പിന് മുന്നോടിയായി ഇനിയും ചില നേതാക്കൾ ബിജെപിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ബദ്ധവൈരികളായ സിപിഎം കോൺഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. 47 മണ്ഡലങ്ങളിൽ സിപിഎമ്മും 13 ഇടത്ത് കോൺഗ്രസുമാണ്.
നാല് തവണ മുഖ്യമന്ത്രിയായ, സിപിഐഎം പിബി അംഗവുമായ മണിക് സർക്കാർ, മുതിർന്ന നേതാവ് ബാധൽ ചൗധരി, മൂന്ന് മുൻ മന്ത്രിമാർ എന്നിവർ ഇക്കുറി മത്സരിക്കുന്നില്ല. ആവശ്യപ്പെട്ടതിലും കുറഞ്ഞ സീറ്റുകൾ മാത്രം നൽകിയ സിപിഐഎം നടപടിയിൽ കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ട്.
ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പരസ്പരം കൈകോര്‍ക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും തയാറാവുകയായിരുന്നു. ഇതിനിടെയാണ് സഖ്യത്തിലെ കൊഴിഞ്ഞുപോക്ക്. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്.