മണിപ്പൂരിന് പിന്നാലെ മേഘാലയയിലും സംഘർഷം

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളിൽ നിന്നായി 16 പേരെ പൊലീസ് അറസ്റ്റ് ചെയതു. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്. ഗോത്ര വിഭാഗത്തിലല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്ത് നാഗാ, കുക്കി ഗോത്രവർഗക്കാർ സംഘടിപ്പിച്ച ഐക്യദാർഢ്യ മാർച്ചിലാണ് സംഘർഷമുണ്ടായത്. ഒറ്റരാത്രികൊണ്ട് സംഘർഷം തീവ്രമാകുകയായിരുന്നു. സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തെയും അസം റൈഫിൾസിനെയും ആറ് ജില്ലകളിലായി വിന്യസിച്ചിരുന്നു. വംശീയ അക്രമം തടയുന്നതിനുവേണ്ടി വെടിയുയര്‍ത്തുന്നതിന് മണിപ്പൂര്‍ ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.