ഭീകരരെ തളയ്ക്കാന്‍ ‘ഓപ്പറേഷന്‍ ത്രിനെത്ര’; രാജ്‌നാഥ് സിംഗ് കശ്മീരിലേക്ക്

ജമ്മു: കഴിഞ്ഞ ദിവസം പൂഞ്ച് മേഖലയില്‍ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി രൂപം നല്‍കിയ ഓപ്പറേഷന്‍ ‘ത്രിനെത്ര’ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കും. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ കേന്ദ്ര പ്രതിരോധ മന്ത്രിയെ അനുഗമിക്കും. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തിയിരുന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന കാണ്ടി വനമേഖലയില്‍ സന്ദര്‍ശനം നടത്തി അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയും കശ്മീരിലെത്തുന്നത്.

അതിനിടെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരരില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി സ്‌ഫോടക സാമഗ്രികളും വെടിക്കൊപ്പുകളും സൈന്യം കണ്ടെടുത്തു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായും സൈന്യം അറിയിച്ചു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ നിലവില്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിശദാംശങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടു. ഹിമാചല്‍ സ്വദേശികളായ രണ്ട് സൈനികര്‍, ജമ്മു, ബംഗാള്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഓരോ സൈനികനുമാണ് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.