പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു

ബെം​ഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. രാവിലെ പത്തിന് സോമേശ്വര സഭാ ഭവൻ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. 17 മണ്ഡലങ്ങളിലൂടെയാണ് റോഡ് ഷോ കടന്നുപോകുക.പ്രധാന വീഥികളിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ച് മല്ലേശ്വരം ക്ഷേത്ര പരിസരത്ത് റോഡ് ഷോ അവസാനിപ്പിക്കും. രാജ്ഭവനിൽ തങ്ങുന്ന മോദി ഞായറാഴ്ച്ച 26 കിലോമീറ്റർ ആണ് ബെംഗളൂരുവിൽ റോഡ് ഷോ നടത്തുക. അവസാനഘട്ടത്തിലെ മോദിയുടെ പ്രചാരണത്തിലൂടെ മേൽക്കൈ നേടാൻ കഴിയുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക്. ഇതിനിടെ സംസ്ഥാനത്ത് കോൺഗ്രസും പ്രചരണം ശക്തമാക്കിയിട്ടുണ്ട്.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ ഇടങ്ങളിൽ ഇന്ന് പ്രചാരണം നടത്തും. ഹുബ്ലിയിലാണ് സോണിയ ഗാന്ധിയുടെ പ്രചാരണം.ബജ്റംഗ് ദൾ നിരോധനത്തിലൂടെ ഹനുമാൻ വിശ്വാസത്തെ അടിച്ചമർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. കോൺഗ്രസിന് ഭരണം ലഭിച്ചാൽ ഹനുമാന്റെ പേര് ഉച്ചരിക്കാൻ അനുവദിക്കില്ലെന്ന പ്രചാരണത്തിന് മോദി തന്നെ തുടക്കമിട്ടു. പ്രചാരണവേദികളിൽ ബജ്രംഗ്ദളിന് ജയ് വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങുന്നത്. തീവ്ര ഹൈന്ദവ വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിക്കുന്നു. ബജ്രംഗ്ദൾ നിരോധന പ്രഖ്യാപനം തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്.

ബിജെപി വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ മോദിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുകയാണ് കോൺഗ്രസ്സ്. മതസൗഹാർദം യാഥാർത്ഥ്യമാക്കാൻ തീവ്രവാദ സംഘടനകളെ നിരോധിക്കേണ്ടത് അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. കർണാടകയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിവിധ ഇടങ്ങളിൽ ഇന്ന് പ്രചാരണം നടത്തുന്നുണ്ട്.