വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഭാരത് ഗൗരവ് തീവണ്ടി കൊച്ചുവേളിയില്‍ നിന്നും യാത്ര തുടങ്ങി; കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്തു
തിരുവനന്തപുരം: വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ റെയില്‍വേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് കേരളത്തില്‍നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ചു. കൊച്ചുവേളിയില്‍നിന്ന് പ്രയാഗ് രാജിലേക്കുള്ള പുണ്യതീര്‍ത്ഥയാത്ര വ്യാഴാഴ്ച കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്‍ ഫ്‌ളാഗ്‌ഓഫ് ചെയ്തു. എ.സി. 3 ടയര്‍, സ്ലീപ്പര്‍ ക്ലാസുകളായി 750 സഞ്ചാരികള്‍ക്ക് യാത്ര ചെയ്യാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡാ(ഐ.ആര്‍.സി.ടി.സി.)ണ് ഭാരത് ഗൗരവ് ടൂര്‍ പാക്കേജ് അവതരിപ്പിക്കുന്നത്.
ഭാരത് ഗൗരവിന്റെ അടുത്ത സര്‍വീസ് 19-നാണ്. കൊച്ചുവേളിയില്‍നിന്ന് ആരംഭിച്ച് ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പുര്‍, ഗോവ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് 19-ന് ഗോള്‍ഡന്‍ ട്രയാങ്കിള്‍ യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. നോണ്‍ എ.സി. ക്ലാസിലെ യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 22,900 രൂപയും തേര്‍ഡ് എ.സി. ക്ലാസ് യാത്രയ്ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,050 രൂപയുമാണ് നിരക്ക്. സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 544 പേര്‍ക്കും കംഫര്‍ട്ട് ക്ലാസില്‍ 206 പേര്‍ക്കും യാത്ര ചെയ്യാം.
കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജങ്ഷന്‍, പോടന്നൂര്‍ ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, സേലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. മടക്കയാത്രയില്‍ കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് നിര്‍ത്തുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കോയമ്ബത്തൂര്‍ എന്നിവിടങ്ങളില്‍ യാത്രക്കാര്‍ക്ക് നേരിട്ടും യാത്ര ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ട്രെയിന്‍ യാത്രയ്ക്കുപുറമേ രാത്രിതാമസത്തിനായി എ.സി. ഹോട്ടലുകള്‍, വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാജീവനക്കാരുടെയും സേവനം, യാത്രാ ഇന്‍ഷുറന്‍സ് എന്നീ സൗകര്യങ്ങളും ഐ.ആര്‍.സി.ടി.സി. തയ്യാറാക്കി നല്‍കും.