സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ടിനിടോം..

തിരുവനന്തപുരം:  മലയാള സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍ ടിനിടോം. മലയാള സിനിമയില്‍ നിരവധി പേര്‍ ലഹരിക്ക് അടിമയാണെന്നും അതുകൊണ്ടുതന്നെ തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും ഭയം കാരണം അവസരം വേണ്ടെന്നു വച്ചതായും ടിനി ടോം പൊതുവേദിയില്‍ വെളിപ്പെടുത്തി. കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ ആയിരുന്നു ടിനിയുടെ അമ്പരിപ്പിക്കുന്ന പരാമര്‍ശം. ഒരു പ്രമുഖ നടന്റെ മകനായി സിനിമയില്‍ അഭിനയിക്കാനായിരുന്നു തന്റെ മകന് ആദ്യം അവസരം ലഭിച്ചതെന്നും എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് തന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞതായും ടിനി ടോം വെളിപ്പെടുത്തി. യുവതലമുറയിലെ ലഹരി ഉപയോഗം മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്ന നിലപാടായിരുന്നു ഭാര്യയ്‌ക്കെന്നും ഈ ഭയം കൊണ്ടാണ് മകന്റെ സിനിമാ പ്രവേശം ഭാര്യ തടഞ്ഞതെന്നും ടിനിടോം പറഞ്ഞു. സിനിമയില്‍ പലരും നിലവില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും 16-നും 18-നും ഇടയിലുള്ള പ്രായത്തിലാണ് കുട്ടികള്‍ വഴി തെറ്റുന്നതെന്നും തനിക്ക് ഒരു മകന്‍ മാത്രമേയുള്ളൂവെന്നും ടിനി പ്രസംഗത്തില്‍ വിശദമാക്കുന്നു.

ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടപ്പോള്‍ വേദന തോന്നിയെന്നും അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞ് തുടങ്ങിയതായും ലഹരി ഉപയോഗിക്കുന്നത് കൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നതായും ടിനിടോം വെളിപ്പെടുത്തി. മാത്രമല്ല അമിതമായ ലഹരി ഉപയോഗത്തലൂടെ ആദ്യം പല്ല്, പിന്നെ ക്രമേണ എല്ല് പൊടിയുമെന്നും ടിനി ചൂണ്ടിക്കാട്ടി. ‘കലയാകണം നമുക്ക് ലഹരി’ എന്ന ആഹ്വാനത്തോടെയാണ് കേരള പൊലീസിന്റെ ‘യോദ്ധാവ്’ എന്ന ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയായ ടിനി ടോം യുവജനോല്‍സവ വേദിയിലെ പ്രസംഗം അവസാനിപ്പിച്ചത്. അതേസമയം ടിനിടോമിന്റെ വെളിപ്പെടുത്തല്‍ മലയാള സിനിമ മേഖലയില്‍ പ്രതിസന്ധി തീര്‍ത്തിരിക്കുകയാണ്.

സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതോടെ അധികൃതരും ജാഗ്രതയിലാണ്. അടുത്തിടെ ലഹരി ഇടപാടുകളില്‍ പിടിയിലായ നാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് അറിയിച്ചു. 2022 ഓഗസ്റ്റ് 17-ന് എട്ടര ഗ്രാം എംഡിഎംഎയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ട്രാന്‍സ്ജെന്‍ഡര്‍ ദീക്ഷ, 2023 ജനുവരി എട്ടിന് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായ ബ്ലെയ്സി, മാര്‍ച്ച് ഒമ്പതിന് അഭിനേതാവായ ചാര്‍ളി എന്നറിയപ്പെടുന്ന നിതിന്‍ ജോസ്, മാര്‍ച്ച് 24-ന് ഇടപ്പള്ളിയില്‍ വച്ച് 2.25ഗ്രാം എംഡിഎംഎയുമായി മോഡല്‍ റോസ് ഹെമ്മ എന്ന ഷെറിന്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ഇവരുടെ ഇടപാടുകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ എക്സൈസ് സംഘം അന്വേഷണം നടത്തുന്നത്. പിടിയിലായ ഷെറിന് സിനിമാ മേഖലയില്‍ വിപുലമായ ബന്ധങ്ങളാണുള്ളത്. ബ്ലെയ്സിക്ക് രാസലഹരി നല്‍കിയ ആശാന്‍ സാബുവെന്ന ശ്യാം സിനിമാ മേഖലയിലെ പ്രധാന വിതരണക്കാരില്‍ ഒരാളാണ്. ശ്യാം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്പെഷല്‍ സ്‌ക്വാഡ് അഭിനേതാവായ ചാര്‍ളിയെ പിടികൂടിയതും. ചാര്‍ളിക്ക് പുതുമുഖ നടന്മാരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭ്യമായ വിവരം. ഈ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മലയാള സിനിമാ മേഖലയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന ടിനി ടോമിന്റെ സാക്ഷ്യപ്പെടുത്തല്‍.