നൈറ്റ് ലൈഫ് പദ്ധതി; അടിമുടി മാറാനൊരുങ്ങി കനകക്കുന്ന്
തിരുവനന്തപുരം: തലസ്ഥാനത്തെ രാത്രികാല ജീവിതം കൂടുതൽ ആസ്വാദ്യകരമാക്കാൻ അവസരമൊരുക്കുന്ന ‘നൈറ്റ് ലൈഫ്’ പദ്ധതിയുടെ കേന്ദ്രമാകാനൊരുങ്ങുകയാണ് കനകക്കുന്ന്. ഭക്ഷണ കിയോസ്റ്റുകള്, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാൻ ആകർഷകമായ ഇരിപ്പിടങ്ങള്‍, വൈദ്യുത വിളക്ക് തൂണുകള്‍ എന്നിവയെല്ലാമാണ് കനകക്കുന്നില്‍ ഒരുക്കുന്നത്. വിനോദസഞ്ചാര വകുപ്പ് 2 കോടി രൂപ ചെലവഴിച്ചാണ് കൊട്ടാരം വളപ്പില്‍ പുതിയ നിര്‍മിതികള്‍ തയ്യാറാക്കുന്നത്. പട്ടം, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ മേഖലകളിലാണ് ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ഇതിന്റെ കേന്ദ്രമായാണ് കനകക്കുന്ന് മാറുക. വിനോദ സഞ്ചാര വകുപ്പും തിരുവനന്തപുരം കോര്‍പ്പറേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിശാഗന്ധിക്ക് സമീപം മാത്രമാണ് ഇപ്പോള്‍ ഭക്ഷണ കിയോസ്റ്റുകള് ഉള്ളത്. കൊട്ടാര വളപ്പിലെ ചില ഭാഗങ്ങളില്‍ കൂടുതല്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കേണ്ട ജോലികള്‍ അവസാന ഘട്ടത്തിലാണ്.
മെയ് അവസാനത്തോടെ ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ പദ്ധതി നടപ്പാക്കുന്ന സ്ഥലങ്ങളിലെല്ലാം കലാപരിപാടികള്‍ സംഘടിപ്പിക്കും. കനകക്കുന്നിലാണ് ഇതിനുള്ള സൗകര്യമൊരുക്കുക. അതേസമയം, പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരിസ്ഥിതി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. മരങ്ങളും ഉദ്യാനസസ്യങ്ങളും വൃക്ഷവേരുകളുമെല്ലാം മുറിച്ച് മാറ്റിയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെന്ന് കനകക്കുന്ന് പൈതൃകസംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.